19 May 2023 12:41 PM IST
Summary
- 2022 -23 ലെ അറ്റാദായം 38.88% ഉയര്‍ന്നു
- നാലാംപാദത്തിലെ പ്രവര്‍ത്തന വരുമാനത്തില്‍ 25.43 % ഇടിവ്
- മൊത്ത മാർജിനിലെ സങ്കോചം പ്രകടനത്തെ ബാധിച്ചു
മദ്യ നിർമ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ ഏകീകൃത അറ്റാദായം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ പ്രകടമാക്കിയത് 42.44 ശതമാനം ഇടിവ്. മുന്‍ വർഷം സമാന കാലയളവില്‍ കമ്പനി നേടിയ 178.6 കോടി രൂപയില്‍ നിന്ന് അറ്റാദായം 102.8 കോടി രൂപയായി കുറഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.43 ശതമാനം ഇടിഞ്ഞ് 5,791.6 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം നാലാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം 7,767.3 കോടി രൂപയായിരുന്നു.
"പ്രാഥമികമായി മൊത്ത മാർജിനിലെ സങ്കോചമാണ് ഇടിവിലേക്ക് നയിച്ചത്, പരോക്ഷ നികുതി വ്യവസ്ഥകള്‍ പാലിക്കുന്നതിനായുള്ള വകയിരുത്തലും പ്രകടനത്തെ ബാധിച്ചു," യുഎസ്‍എല്‍ വരുമാന പ്രസ്താവനയിൽ പറഞ്ഞു. സാധാരണ കടബാധ്യതയുമായി ബന്ധപ്പെട്ട ചെലവിടലുകളും പഴയ നികുതി വ്യവഹാരങ്ങളിലെ പുനര്‍നിര്‍ണയിച്ച തുകയില്‍ നിന്നുള്ള ആഘാതവും ചേര്‍ന്ന് ഈ പാദത്തിൽ 36 കോടി രൂപ ചിലവായിട്ടുണ്ടെന്ന് യുഎസ്എല്‍ പറയുന്നു.
എന്നാല്‍ യുഎസ്എല്‍-ന്‍റെ മൊത്തം ചെലവ് 23.8 ശതമാനം കുറഞ്ഞ് 5,660.9 കോടി രൂപയായി. മാർച്ച് പാദത്തിലെ മൊത്ത വരുമാനം 25.43 ശതമാനം ഇടിഞ്ഞ് 5,809.6 കോടി രൂപയിലെത്തിയെന്നും കമ്പനി വ്യക്തമാക്കുന്നു. 2022 -23 സാമ്പത്തിക വർഷത്തിൽ മൊത്തമായി യുഎസ്എൽ ഇന്ത്യയുടെ അറ്റാദായം 38.88 ശതമാനം ഉയർന്ന് 1,125.8 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വര്‍ഷത്തില്‍ 810.6 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 2022 -23ല്‍ 27,815.4 കോടി രൂപയായിരുന്നു, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 10.45 ശതമാനം കുറവാണ്. "അങ്ങേയറ്റം അസ്ഥിരവും പണപ്പെരുപ്പ വെല്ലുവിള്ളി ഉള്ളതുമായ അന്തരീക്ഷത്തിൽ ശക്തമായ ടോപ്പ്-ലൈൻ വളർച്ചയും പ്രതിരോധശേഷിയുള്ള ഓപ്പറേറ്റിംഗ് മാർജിനുകളും നേടി വീണ്ടും ശക്തമായ ഒരു വർഷം സാധ്യമാക്കി," യുഎസ്‌എൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഹിന നാഗരാജൻ പറഞ്ഞു:
യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ ഓഹരികൾ വ്യാഴാഴ്ച ബിഎസ്ഇയിൽ 797 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചത്തെ ക്ലോസിംഗ് നിലയേക്കാള്‍ 0.09 ശതമാനം ഉയർന്നു.
പഠിക്കാം & സമ്പാദിക്കാം
Home
