image

7 Nov 2026 11:57 AM IST

News

ഇറാന്റെ ആണവ രഹസ്യങ്ങള്‍ അറിയിക്കൂ.. $20 മില്യണ്‍ നേടൂ.. പാരിതോഷികവുമായി യുഎസ്!

MyFin Desk

ഇറാന്റെ ആണവ രഹസ്യങ്ങള്‍ അറിയിക്കൂ.. $20 മില്യണ്‍ നേടൂ.. പാരിതോഷികവുമായി യുഎസ്!
X

Summary

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്.


ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ഉപകരണങ്ങള്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വ്യക്തികള്‍, ഇവയുടെ നീക്കങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അമേരിക്ക തേടുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെയാണ് അമേരിക്കയുടെ നിര്‍ണായക നീക്കം.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 'റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ്' പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ പാരിതോഷികത്തിന്റെ മുഴുവന്‍ തുകയും ലഭിക്കാന്‍ ആവശ്യമായ വിവരങ്ങളുടെ കൃത്യമായ മാനദണ്ഡങ്ങള്‍ അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

1984ല്‍ ആരംഭിച്ച പദ്ധതിയാണ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ്. അമേരിക്കന്‍ പൗരന്മാരുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് സഹായകമാകുന്ന രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷയും ആവശ്യമായ സാഹചര്യങ്ങളില്‍ താമസം മാറ്റാനുള്ള സഹായവും ഇതിന്റെ ഭാഗമാണ്.

ആണവ പദ്ധതിയില്‍ ആശങ്ക

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയായ ഐഎഇഎയുമായുള്ള സുരക്ഷാ ബാധ്യതകള്‍ ഇറാന്‍ പാലിക്കാത്തത് രാജ്യത്തിന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിരീക്ഷണത്തെ ബാധിച്ചെന്നാണ് അമേരിക്കയുടെ വിശദീകരണം. പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ഉപകരണങ്ങളുടെ ഉല്‍പ്പാദനവും ശേഖരവും സംബന്ധിച്ച വിവരങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെട്ടതായി ഐഎഇഎ അറിയിച്ചതായി അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇറാന്റെ ആണവ പദ്ധതി തകര്‍ത്തുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പലതവണ അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ സൈനിക ശേഷിക്കും സമ്പദ്വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും ട്രംപ് പറയുന്നു. എന്നാല്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

നീക്കം സമാധാന ശ്രമങ്ങൾക്കിടെ

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഇറാന്റെ നിലപാടെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഉപരോധം പിന്‍വലിക്കല്‍, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഇതിലുണ്ട്. അതേസമയം ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് അമേരിക്ക.

ഇറാന്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള അമേരിക്കയുടെ നീക്കം പശ്ചിമേഷ്യയന്‍ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.