6 Jan 2026 4:53 PM IST
Summary
തായ്‌വാന്, ഇറാന്‍ വിഷയങ്ങളില്‍ യുഎസ് എടുക്കുന്ന നിലപാട് നിര്‍ണായകമാകും. മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സംഘര്‍ഷം പടരാനും സാധ്യത
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആശങ്കയിലായി ആഗോള വിപണികളും നിക്ഷേപകരും. വെനിസ്വേലയ്ക്ക് ശേഷം തായ്‌വാന്‍, ഇറാന്‍ വിഷയങ്ങളില്‍ യുഎസ് എടുക്കുന്ന നിലപാട് നിര്‍ണായകമെന്നും റിപ്പോര്‍ട്ട്.
വെനിസ്വേല വിഷയത്തില്‍ ഓഹരി വിപണികള്‍ ശാന്തമാണെങ്കിലും, ഭൗമരാഷ്ട്രീയ റിസ്‌ക് നിക്ഷേപകരിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സപ്ലൈ ചെയിന്‍ തടസ്സപ്പെടുകയോ മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സംഘര്‍ഷം പടരുകയോ ചെയ്താല്‍ വിപണിയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാകും.
ഇറാന്റെ തകര്‍ച്ചയും വിപണിയെ ബാധിക്കുന്നു
വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ തകര്‍ച്ചയും വിപണിയെ മുനയില്‍ നിര്‍ത്തുകയാണ്. പണപ്പെരുപ്പവും കറന്‍സി തകര്‍ച്ചയും ഇറാനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.ഒരു യുഎസ് ഡോളറിന് 1.4 ദശലക്ഷം റിയാല്‍ എന്ന തോതിലേക്ക് ഇറാനിയന്‍ കറന്‍സി കൂപ്പുകുത്തി. 2025-ല്‍ മാത്രം കറന്‍സിയുടെ മൂല്യം 80 ശതമാനത്തോളമാണ് ഇടിഞ്ഞത്.ഇറാനില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടാല്‍ തങ്ങള്‍ രക്ഷയ്‌ക്കെത്തുമെന്ന് ട്രംപ് നല്‍കിയ മുന്നറിയിപ്പ് വിപണി ഗൗരവത്തോടെയാണ് കാണുന്നത്. മഡുറോയുടെ അറസ്റ്റോടെ ഈ മുന്നറിയിപ്പിന് ആക്കം കൂടി.
ഹോര്‍മുസ് കടലിടുക്ക് നിര്‍ണായകം
ലോകത്തെ എണ്ണ വിതരണത്തിന്റെ 20 മുതല്‍ 30 ശതമാനം വരെ കടന്നുപോകുന്ന 'ഹോര്‍മുസ് കടലിടുക്കിന്റെ' നിയന്ത്രണം ഇറാനാണ്. യുദ്ധമുണ്ടായാല്‍ ഈ പാത തടസ്സപ്പെടുന്നത് എണ്ണവില കുതിച്ചുയരാന്‍ കാരണമാകും. ഭൗമരാഷ്ട്രീയ പിരിമുറുക്കം വര്‍ദ്ധിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തായ്‌വാന് നേരെയുള്ള യുഎസിന്റെ നിലപാടുകളും നിക്ഷേപക റഡാറിലാണ്. അതിനിടെ വെള്ളി വില കിലോഗ്രാമിന് 2.5 ലക്ഷം രൂപ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
