image

26 Jan 2026 5:21 PM IST

News

യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ തടഞ്ഞത് വാന്‍സും നവാരോയും

MyFin Desk

യുഎസ്-ഇന്ത്യ വ്യാപാര കരാര്‍   തടഞ്ഞത് വാന്‍സും നവാരോയും
X

Summary

നിര്‍ദ്ദിഷ്ട യുഎസ്-ഇന്ത്യ കരാര്‍ തടസ്സപ്പെടുത്താന്‍ ട്രംപ് തന്നെ 'ചിലപ്പോള്‍' ഇടപെട്ടിട്ടുണ്ടെന്നും ക്രൂസ് ആരോപിക്കുന്നു


അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നിര്‍ദ്ദിഷ്ട വ്യാപാര കരാര്‍ തടയുന്നതില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും പ്രധാന പങ്കുവഹിച്ചതായി റിപ്പോര്‍ട്ട്. യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിന്റെ ചോര്‍ന്ന ഓഡിയോ റെക്കോര്‍ഡിംഗുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനുള്ളിലെ വ്യാപാര നയത്തെച്ചൊല്ലിയുള്ള ആഭ്യന്തര ഭിന്നതകള്‍ തുറന്നുകാട്ടിക്കൊണ്ട്, സ്വകാര്യ കൂടിക്കാഴ്ചകളിലാണ് ക്രൂസ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ആക്‌സിയോസ് പറയുന്നു. നിര്‍ദ്ദിഷ്ട യുഎസ്-ഇന്ത്യ കരാര്‍ തടസ്സപ്പെടുത്താന്‍ ട്രംപ് തന്നെ 'ചിലപ്പോള്‍' ഇടപെട്ടിട്ടുണ്ടെന്നും ക്രൂസ് ആരോപിച്ചു.

റിപ്പബ്ലിക്കന്‍ സ്രോതസ്സില്‍ നിന്ന് ആക്‌സിയോസിന് ലഭിച്ച ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പുകള്‍ 2025 ന്റെ തുടക്കത്തിലും മധ്യത്തിലും ഉള്ളതാണ്. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് അധിഷ്ഠിത വ്യാപാര സമീപനത്തെ ക്രൂസ് നിശിതമായി വിമര്‍ശിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും ദീര്‍ഘകാല വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

റഷ്യയുമായുള്ള ന്യൂഡല്‍ഹിയുടെ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ സംഘര്‍ഷം രൂക്ഷമായി , ഇതോടെ മൊത്തം തീരുവ 50 ശതമാനമായി.

2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് താരിഫ് നയം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ക്രൂസ് മുന്നറിയിപ്പ് നല്‍കി. ആളുകളുടെ വിരമിക്കല്‍ സമ്പാദ്യം 30% കുറയുകയും സൂപ്പര്‍മാര്‍ക്കറ്റ് വിലകള്‍ 10-20% വര്‍ദ്ധിക്കുകയും ചെയ്താല്‍ അത് വളരെ ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക്കന്‍മാര്‍ക്ക് ഹൗസിലും സെനറ്റിലും സീറ്റുകള്‍ നഷ്ടപ്പെടുമെന്നും ക്രൂസ് പ്രവചിച്ചു.വൈറ്റ് ഹൗസ് തുടര്‍ച്ചയായ ഇംപീച്ച്മെന്റ് സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.