image

28 Oct 2026 12:36 PM IST

News

സസ്യാഹാരികള്‍ പെട്ടു; ഉള്ളിക്ക് പൊന്നിന്റെ വില!

MyFin Desk

സസ്യാഹാരികള്‍ പെട്ടു;  ഉള്ളിക്ക് പൊന്നിന്റെ വില!
X

Summary

ഉള്ളിക്ക് പുറമെ ബാക്കി എല്ലാം കൂടി വെജ് താലി വില വര്‍ദ്ധിപ്പിച്ചു. അരി, സസ്യ എണ്ണ, പാചക ഗ്യാസ് എന്നിവയുടെ എല്ലാം വില ഉയര്‍ന്നു


സാധാരണക്കാരന്റെ അടുക്കളയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്ക്. വീട്ടില്‍ ഉണ്ടാക്കുന്ന വെജ് താലിയുടെ ചിലവ് കുതിച്ചുയരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 28.10 രൂപയായിരുന്ന വെജ് താലിക്ക് ഇപ്പോള്‍ 30.80 രൂപ, വാര്‍ഷികാടിസ്ഥനത്തില്‍ 10% വര്‍ധന. അതേ സമയം ചിക്കന്‍ അടങ്ങിയ നോണ്‍-വെജ് താലി 56 രൂപയില്‍ നിന്ന് 59.50 രൂപയിലേക്ക് മാത്രം, 6% വര്‍ധന മാത്രം. ക്രിസില്‍ ഇന്റലിജന്‍സ് പുറത്തുവിട്ട റോട്ടി-റൈസ്-റേറ്റ് റിപ്പോര്‍ട്ടിലാണ് ഈ കണക്ക്.

ഈ വിലക്കയറ്റത്തിന്റെ കിങ് ആണ് ഉള്ളി. ഒരു വര്‍ഷം കൊണ്ട് 89% കുതിപ്പ്, കിലോക്ക് 28-ല്‍ നിന്ന് 53 രൂപയായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും റാബി വിളയുടെ ഉത്പാദനവും ഇടിഞ്ഞു. ഖരീഫ് വിള മഴ കുറഞ്ഞ് വൈകി. സ്റ്റോക്കുള്ള ഉള്ളി തീര്‍ന്നതോടെ വിതരണം തകര്‍ന്നു. വെജ് കറിയില്‍ ഉള്ളി ഒഴിവാക്കാനും പറ്റില്ലല്ലോ.

ഉള്ളിക്ക് പുറമെ ബാക്കി എല്ലാം കൂടി വെജ് താലിയെ തകര്‍ത്തു. അരി വില 8% കൂടി , സസ്യ എണ്ണ - 12% കൂടി. പാചക ഗ്യാസ് - വിലയും കൂടി. വെജ് താലിയില്‍ 25% ഉള്ളി-തക്കാളി-ഉരുളക്കിഴങ്ങ്, 15% എണ്ണ, 12% അരി എന്നിങ്ങനെയായതുകൊണ്ട് ഓരോ ഇനത്തിന്റെ വര്‍ധനയും നേരിട്ട് ബാധിക്കുന്നു.

എന്നാല്‍ നോണ്‍-വെജ് താലിയെ രക്ഷിച്ചത് ബ്രോയിലര്‍ ചിക്കനാണ്. താലിയുടെ 50% ചെലവ് ചിക്കനാണ്, അതിന്റെ വില ഒരു വര്‍ഷത്തില്‍ 2% മാത്രമേ കൂടിയുള്ളൂ. ഫാമുകളില്‍ ഉത്പാദനം കൂടിയതും തീറ്റയുടെ വില കുറഞ്ഞതും കാരണം ചിക്കന്‍ പിടിച്ചുനിന്നു. ഒക്ടോബര്‍ അവസാനം പുതിയ ഉള്ളി വിള മാര്‍ക്കറ്റില്‍ എത്തിയാലും വില ഉയര്‍ന്നുനില്‍ക്കുമെന്നാണ് സൂചന. ഉത്സവ സീസണ്‍ ഡിമാന്‍ഡ് കാരണമാണ് ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു.