image

4 Dec 2023 3:11 PM IST

News

2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 4% വര്‍ധന; മുന്നില്‍ യുപിയും ഡെല്‍ഹിയും

MyFin Desk

4% increase in violence against women in 2022, up and delhi ahead
X

Summary

  • ജനസംഖ്യാനുപാതികമായി, സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം നിലയില്‍ ഹരിയാന
  • കൂടുതല്‍ കേസുകളും ബന്ധുക്കളില്‍ നിന്നുള്ള ക്രൂരതയുടെ പേരില്‍


സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2022ൽ 4 ശതമാനം വർധിച്ച് 445,256 ആയെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട്. 2021ൽ ഇത്തരത്തിലുള്ള 428,278 കുറ്റകൃത്യങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയത്, 2021ല്‍ യുപിയിൽ ഇത്തരം കേസുകളുടെ എണ്ണം 56,083 ആയിരുന്നു എങ്കില്‍ 2022 ല്‍ അത് 65,743 ആയി. "ക്രൈം ഇൻ ഇന്ത്യ 2022" എന്ന പേരിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര (45,331 കേസുകൾ), രാജസ്ഥാൻ (45,058 കേസുകൾ) എന്നിവയാണ് കേസുകളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ കേസുകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്, 14,247. 2021ൽ രജിസ്റ്റർ ചെയ്ത 14,277 കേസുകളേക്കാൾ കുറവാണെങ്കിലും, 2020-ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 10,093 കേസുകളേക്കാൾ ഗണ്യമായി കൂടുതലാണ് ഇത്.

രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മെട്രോ നഗരങ്ങളിൽ, അത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം 12.3 ശതമാനം ഉയര്‍ന്ന് 48,755 ആയി. മെട്രോകളില്‍ ഡൽഹി നഗരത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 14,158. മുംബൈയിൽ 6,176 കേസുകളും ബെംഗളൂരുവിൽ 3,924 കേസുകളും രേഖപ്പെടുത്തി.

കുറ്റകൃത്യങ്ങളുടെ അനുപാതം

സ്ത്രീജനസംഖ്യയും ഇത്തരം കേസുകളും തമ്മിലുള്ള അനുപാതം കണക്കിലെടുക്കുമ്പോള്‍ ജയ്പൂരാണ് മെട്രോ നഗരങ്ങളില്‍ കൂടുതല്‍ മോശം അവസ്ഥയിലുള്ളത്. 2022ൽ ജയ്പൂര്‍ നഗരത്തിൽ 100,000 സ്ത്രീകൾക്ക് 239.3 കുറ്റകൃത്യങ്ങൾ എന്ന നിലയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ഇത് 186.9ഉം ഇൻഡോറിൽ 174.3ഉം ആണ്.

സംസ്ഥാനങ്ങളിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഹരിയാനയിലാണ് (118.7), തൊട്ടുപിന്നിൽ തെലങ്കാന (117), രാജസ്ഥാൻ (115.1) എന്നിവയുണ്ട്. ദേശീയ തലത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ നിരക്ക് 2022-ൽ 66.4 ആയിരുന്നു, 2021-ൽ ഇത് 64.5 ആയിരുന്നു.

ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം "ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത" എന്ന വിഭാഗത്തിന് കീഴിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറെയും (31.4 ശതമാനം) രജിസ്റ്റർ ചെയ്തിരിക്കുന്നത്. "സ്ത്രീകളെ തട്ടിയെടുക്കലും കടത്തിക്കൊണ്ടുപോകലും " (19.2 ശതമാനം), "അന്തസിന് കളങ്കമേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീകളെ ആക്രമിക്കൽ" (18.7 ശതമാനം), "ബലാത്സംഗം" (7.1 ശതമാനം) എന്നിവ അതിന് ശേഷം വരുന്നു.