10 April 2025 2:54 PM IST
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന, സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ 21 വരെ തുടര്‍ച്ചയായി 10 ദിവസം നീണ്ടു നില്‍ക്കുന്ന വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്തകള്‍ നടത്തുന്നതിനാണ് തീരുമാനം. പൊതു മാര്‍ക്കറ്റിനേക്കാള്‍ 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകും. ഇതിനുപുറമെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീവ സര്‍ക്കാര്‍ സബ്സിഡിയോട് കൂടി ലഭിക്കും. പൊതു വിപണിയിൽ 1605 രൂപയിൽ അധികം വില വരുന്ന ഉൽപ്പന്നങ്ങൾ 1136 രൂപയ്ക്കാണ് സബ്സിഡി വിപണികൾ വഴി കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഓരോ കേന്ദ്രത്തിലും പ്രതിദിനം 75 ഉപഭോക്താക്കള്‍ക്കാണ് സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യുക. ഇതോടൊപ്പം തന്നെ നോണ്‍ സബ്സിഡി വിഭാഗത്തില്‍ അവശ്യ നിത്യോപയോഗ സാധനങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറികള്‍, നോട്ട് ബുക്കുകള്‍ എന്നിവ 10% മുതല്‍ 35% വിലക്കുറവില്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും 14 ജില്ലാ കേന്ദ്രങ്ങളിലെ വില്‍പ്പന ശാലകളും ഉള്‍പ്പെടുത്തി 170 വിപണന കേന്ദ്രങ്ങള്‍ ആണ് സജ്ജമാകുന്നത്. വിഷു - ഈസ്റ്റർ വിപണിയിൽ കൺസ്യൂമർഫെഡ് 17 കോടി രൂപയുടെ സബ്സിഡി ഇനങ്ങളുടെ വില്പനയും 33 കോടി രൂപയുടെ നോൺ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയും ഉൾപ്പെടെ 50 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
