24 Jan 2026 9:19 PM IST
വിഴിഞ്ഞം നാടിൻ്റെ സ്വപ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ന് മുമ്പ് യുഡിഎഫ് കാലത്ത് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. എത്രയോ പതിറ്റാണ്ട് ആ സ്വപ്നം പേറി നടന്നു. ഓരോ വട്ടവും വിഴിഞ്ഞം പ്രാവര്‍ത്തികം ആകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടുവെന്നും മുഖ്യമന്ത്രി വിഴിഞ്ഞം രണ്ടാം നിര്‍മാണ ഉദ്ഘാടനവേളയില്‍ പറഞ്ഞു. അന്താരാഷ്ട്ര ഭൂപടത്തില്‍ എണ്ണപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറാന്‍ പോകുകയാണ്.
നമ്മുടെ നാട് കേട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം ഇവിടെ പലകാര്യങ്ങളും നടക്കില്ല ഇതൊന്നും കേരളത്തിന് പറ്റിയതല്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ടായിരുന്നു എന്നാല്‍ ഇതിനെല്ലാം നമ്മള്‍ മറുപടി നല്‍കിയത് ഇതുപോലുള്ള അനേകം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി കൊണ്ടായിരുന്നു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ വിഴിഞ്ഞം കേരളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നട്ടെല്ലായി മാറിക്കഴിഞ്ഞു. നേരത്തെ കൊളംബോയിലേക്കും സിംഗപ്പൂരിലേക്കും മാത്രം പോയിക്കൊണ്ടിരുന്നു ലോകത്തെ ഭീമന്‍ കപ്പലുകള്‍ ഇവിടെ എത്തിതുടങ്ങി മുഖ്യമന്ത്രി പറഞ്ഞു. അദാനി പോര്‍ട്ടിൻ്റെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി.
2028 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന വിഴിഞ്ഞം തുറമുഖം ആഗോള കപ്പല്‍ ചാലില്‍ കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു, ഇന്ത്യയുടെ ലോജിസ്റ്റിക്ക് മേഖലയില്‍ കേരളം ഇന്ന് പ്രധാനശക്തിയായി മാറാനാണ് പോകുന്നത് കണ്മുന്നില്‍ കാണുന്ന യാഥാര്‍ഥ്യമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാംഘട്ടത്തില്‍ 8,867 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 16000 കോടി രൂപയ്ക്കും മേല്‍ അധിക നിക്ഷേപം ഉണ്ടാകും. രണ്ടാംഘട്ട വികസനത്തോടെ തുറമുഖത്തിന്റെ വാര്‍ഷിക കൈകാര്യ ശേഷി 15 ലക്ഷം ടി.ഇ.യുവില്‍ നിന്ന് 50 ലക്ഷം ടി.ഇ.യുവായി ഉയരും. നിലവിലെ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് 2,000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്ത് എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കും.
റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടും. ഇതിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും 55 ഹെക്ടര്‍ കടല്‍ നികത്തി തുറമുഖ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കി. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഒരേസമയം നാല് മദര്‍ഷിപ്പുകള്‍ വരെ വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കുകൈമാറ്റം നടത്താന്‍ സാധിക്കും.
കണ്ടെയ്നര്‍ യാര്‍ഡിൻ്റെ ശേഷി 35,000ല്‍ നിന്ന് ഒരു ലക്ഷം കണ്ടെയ്നറുകളായി ഉയരും. ആകെ 100 ക്രെയിനുകള്‍ തുറമുഖത്തില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതില്‍ 30 ഷിപ്പ്-ടു-ഷോര്‍ ക്രെയിനുകളും 70 യാര്‍ഡ് ക്രെയിനുകളും ഉള്‍പ്പെടും. റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ കണ്ടെയ്നര്‍ നീക്കം സാധ്യമാകുന്നതോടെ തുറമുഖം പൂര്‍ണമായും എക്‌സിം ഹബ്ബായി മാറി. ലിക്വിഡ് ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദീര്‍ഘദൂര യാത്ര നടത്തുന്ന വന്‍ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായും വിഴിഞ്ഞം മാറും.
തെക്കുകിഴക്കന്‍ ഏഷ്യയൂറോപ്പ് അന്തര്‍ദേശീയ കപ്പല്‍ പാതയ്ക്ക് സമീപമുള്ള സ്ഥാനം കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുമെന്ന് വിലയിരുത്തുന്നു. ക്രൂസ് ടെര്‍മിനല്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ വന്‍ യാത്രാ കപ്പലുകള്‍ക്കും തുറമുഖത്ത് അടുക്കാനാകും, ഇത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ ഉണര്‍വ് നല്‍കും. മാസ്റ്റര്‍പ്ലാന്‍ പ്രകാരം രണ്ടാംഘട്ടത്തില്‍ അദാനി ഗ്രൂപ്പ് നടത്തേണ്ട നിക്ഷേപം 9,600 കോടി രൂപയാണെങ്കിലും, അവസാന ഘട്ടങ്ങള്‍ ഒന്നിച്ച് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ നിക്ഷേപം 16,000 കോടി രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നിക്ഷേപം ഉണ്ടാകില്ല.
തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 710 കപ്പലുകളില്‍ നിന്ന് 15.13 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാന്‍ സാധിച്ചതും യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാനായതും വിഴിഞ്ഞത്തിൻ്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
നാൾവഴികൾ
1996: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സങ്കൽപ്പം രൂപപ്പെടുന്നു
2006: പദ്ധതിക്ക് പുനരുജ്ജീവനം
2009: പഠനത്തിനായി ഇൻ്റർനാഷണൽ ഫിനാൻസ് കോർപറേഷനെ നിയോഗിച്ചു
2010: ടെൻഡർ നടപടിയിലേക്ക് കടന്നെങ്കിലും അനുമതി ലഭിച്ചില്ല
2015: കരാർ
2016: ഒന്നാം പിണറായി സർക്കാർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
2023: സപ്ലിമെൻ്ററി കൺസഷൻ കരാർപ്രകാരം നാല് ഘട്ടമായി പൂർത്തിയാക്കാൻ തീരുമാനം
2023 ഒക്‌ടോബർ 15: ക്രെയിനുകളും നിർമാണോപകരണങ്ങളുമായി ആദ്യ ചരക്കുകപ്പൽ ഷെൻഹുവ 15എ വിഴിഞ്ഞത്തെത്തി
2024 ജൂലൈ 12: ട്രയൽ റൺ
2024 ഡിസംബർ: വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു
2025 ഫെബ്രുവരി: 40 കപ്പലുകളിൽനിന്ന് 78,833 ടിഇയു കൈകാര്യം ചെയ്‌തെന്ന നേട്ടത്തിലൂടെ ഇന്ത്യൻ തുറമുഖങ്ങളിൽ ഒന്നാംസ്ഥാനത്തെത്തി
2025 മെയ് 2: ഒന്നാംഘട്ടം ഉദ്‌ഘാടനം
2025 ജൂൺ 9: ലോകത്തിലെ വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞത്ത്
2025 സെപ്‌തംബർ 23: വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി 10 മാസത്തിനുള്ളിൽ അഞ്ഞൂറാമത്തെ കപ്പലെത്തി
2025 ഒക്‌ടോബർ 19: കപ്പലുകൾക്ക് ഇന്ധനംനൽകുന്ന ഷിപ് ടു ഷിപ് ബങ്കറിങ് സർവീസ് ആരംഭിച്ചു
2025 നവംബർ 20: തുറമുഖത്തിന് ഐസിപി പദവി, അന്താരാഷ്‌ട്ര സീപോർട് പട്ടികയിൽ വിഴിഞ്ഞം
2025 ഡിസംബർ: ഒരുമാസം 1.21 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്ത് റെക്കോഡ് നേട്ടം
2026 ജനുവരി 24: രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം
പഠിക്കാം & സമ്പാദിക്കാം
Home
