30 Oct 2026 12:06 PM IST
Summary
തര്‍ക്കത്തിന്റെ കാരണം ഇറക്കുമതി തട്ടിപ്പ് ആരോപണമാണ്. കാര്‍ പാര്‍ട്‌സുകളായി കാണിച്ച് കുറഞ്ഞ നികുതി നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ നികുതി തര്‍ക്കത്തില്‍ ജര്‍മന്‍ കാര്‍ ഭീമന്‍ ഫോക്‌സ്‌വാഗനും കേന്ദ്ര സര്‍ക്കാരും മുംബൈ ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍. ഫോക്‌സ്‌വാഗനെതിരെ 1.2 ബില്യണ്‍ ഡോളര്‍, ഏകദേശം 10,000 കോടി രൂപയുടെ നികുതി ആവശ്യമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. വിവരങ്ങള്‍ യഥാസമയം നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം വര്‍ഷങ്ങള്‍ വൈകിയാണെന്നാണ് കമ്പനിയുടെ മറുപടി.
തര്‍ക്കത്തിന്റെ കാരണം ഇറക്കുമതി തട്ടിപ്പ് ആരോപണമാണ്. കാര്‍ പാര്‍ട്‌സുകളായി കാണിച്ച് കുറഞ്ഞ നികുതി നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കമ്പനി 5 മുതല്‍ 15 ശതമാനം വരെ നികുതിയാണ് നല്‍കിയത്. എന്നാല്‍ പൂര്‍ണ കാറുകള്‍ അസംബ്ലി ചെയ്യാതെ കൊണ്ടുവന്നതിന് 30 മുതല്‍ 35 ശതമാനം വരെ നികുതി നല്‍കണമായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഫോക്‌സ്‌വാഗന്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. നിയമപ്രകാരം അഞ്ച് വര്‍ഷത്തെ ഇറക്കുമതി മാത്രമേ പരിശോധിക്കാന്‍ ആകൂ എന്ന് കമ്പനിയുടെ അഭിഭാഷകന്‍ പറഞ്ഞു. 12 വര്‍ഷത്തെ കണക്ക് എടുത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ മറ്റ് ഒരു കമ്പനിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും ഫോക്‌സ്‌വാഗന്‍ മാത്രമാണ് തെറ്റായ രീതി പിന്തുടര്‍ന്നതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.
ഈ കേസ് ഫോക്‌സ്‌വാഗന് ജീവന്‍മരണ പോരാട്ടമാണ്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിക്ക് 2 ശതമാനം വിഹിതം മാത്രമേ ഉള്ളൂ. ജെഎസ്ഡബ്ല്യുവിന് ഓഹരി വില്‍ക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഈ വലിയ തര്‍ക്കം. ഹൈക്കോടതി കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
