4 Nov 2026 8:30 AM IST
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡി; വന്‍ മാറ്റത്തിന് കേന്ദ്രം ഒരുങ്ങുന്നു
MyFin Desk
Summary
പുതിയ സംവിധാനം പ്രധാനമന്ത്രി വികസിത് ഗ്രാം സ്വരാജ് യോജനയ്ക്ക് കീഴിലാകും നടപ്പാക്കുക. എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വിശദീകരിച്ചിട്ടില്ല
സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വന്‍ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്നതിനുള്ള അടിസ്ഥാനമായി ആധാര്‍ നമ്പറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ (EPIC) നമ്പറും ഉപയോഗിക്കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിംഗ് അറിയിച്ചു.
പഞ്ചായത്തിരാജ് മന്ത്രാലയം സംഘടിപ്പിച്ച 2026-27 ജനകീയ പദ്ധതി കാമ്പയിന്‍ ദേശീയ ശില്‍പശാലയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. 'ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് എല്ലാ തെരുവിലും ഉണ്ട്. 5 മിനിറ്റിനുള്ളില്‍ ആര്‍ക്കും ആധാര്‍ ഉണ്ടാക്കി നല്‍കാം. അതിനാല്‍ ഇനി ആധാര്‍ കാര്‍ഡ് ആധാരമാകില്ല' എന്ന് മന്ത്രി പറഞ്ഞു. ഇനി മുതല്‍ ബയോമെട്രിക്, വോട്ടര്‍ ഐഡി EPIC നമ്പര്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പേയ്‌മെന്റുകള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പഞ്ചായത്തിരാജ് മന്ത്രാലയത്തിന് കീഴില്‍ നേരിട്ട് പണം കൈമാറുന്ന പദ്ധതികള്‍ ഇല്ലെങ്കിലും, മന്ത്രി കൂടി ചുമതല വഹിക്കുന്ന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമാണ്. പുതിയ സംവിധാനം പ്രധാനമന്ത്രി വികസിത് ഗ്രാം സ്വരാജ് യോജനയ്ക്ക് കീഴിലാകും നടപ്പാക്കുക. എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല. അതോടൊപ്പം ചില ചോദ്യങ്ങളും ഇത് ഉയര്‍ത്തുന്നുണ്ട്.
അതേസമയം, സ്വയംപര്യാപ്ത പഞ്ചായത്തുകളും വികസിത പഞ്ചായത്തുകളും രൂപീകരിക്കുന്നതിന് എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിച്ച് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
