15 March 2026 3:48 PM IST
Summary
അമേരിക്കയ്ക്കും ഇസ്രയേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു
ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. അതേസമയം അമേരിക്കയ്ക്കും ഇസ്രയേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ചൈനീസ് കപ്പലുകള്‍ക്കും പരിമിതമായ തോതില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കും കടന്നുപോകാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം എംഎസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
എങ്കിലും, ഇറാന്‍ പൂര്‍ണ്ണമായും വഴങ്ങാന്‍ തയ്യാറല്ലെന്ന കര്‍ശന മുന്നറിയിപ്പും അരഗ്ചി നല്‍കി. ടെഹ്റാനിലെ എണ്ണക്കമ്പനികളെ ലക്ഷ്യം വയ്ക്കാന്‍ അമേരിക്ക മുതിര്‍ന്നാല്‍, ഗള്‍ഫിലുടനീളമുള്ള എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ സമുദ്രപാതയില്‍ ഉണ്ടാകുന്ന ചെറിയൊരു തടസ്സം പോലും ആഗോള ഇന്ധനവില കുതിച്ചുയരാനും വന്‍ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നിരിക്കെ ഇറാന്റെ ഈ നിലപാട് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സുഗമമായ സമുദ്ര ഗതാഗതം ഉറപ്പാക്കാന്‍ അമേരിക്കക്കൊപ്പം നില്‍ക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ കടല്‍ത്തീരങ്ങള്‍ വീണ്ടും യുദ്ധക്കപ്പലുകളുടെ നിഴലിലാവുകയാണ്.
ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളിയ അരഗ്ചി, ഇറാന്റെ ആണവ ശേഖരത്തെക്കുറിച്ചുള്ള അമേരിക്കന്‍ വാദങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും കൂട്ടിച്ചേര്‍ത്തു. 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ 440 കിലോഗ്രാം യുറേനിയം കൈവശമുണ്ടെങ്കിലും ഇത് നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള ഇളവുകളുടെ ഭാഗമാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ആണവായുധ നിര്‍മ്മാണത്തിന് ഇത് മതിയാകുമെന്ന ഭീതി നിലനില്‍ക്കുന്നത് വിപണിയിലെ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
