24 Oct 2023 10:15 AM IST
Summary
- കാക്കനാട്-വൈറ്റില, ഹൈക്കോര്‍ട്ട്-വൈപ്പിന്‍-ബോള്‍ഗാട്ടി റൂട്ടിലാണു സര്‍വീസ്
- മെട്രോ റെയിലില്‍ ഇന്നലെ (23-10-2023) 93,316 പേര്‍ യാത്ര ചെയ്തു
- വാട്ടര്‍ മെട്രോയില്‍ പത്ത് ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു
പൂജാ അവധി ദിനമായ തിങ്കളാഴ്ച (23-10-2023) വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത് 10,548 പേര്‍. തലേ ദിവസമായ ഞായറാഴ്ച (22-10-2023) സഞ്ചരിച്ചത് 8949 പേരുമാണ്.
മെട്രോ റെയിലില്‍ ഇന്നലെ (23-10-2023) 93,316 പേര്‍ യാത്ര ചെയ്തു.
ഇപ്രാവിശ്യം പൂജാ അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്.ഇതിനു പുറമെ ഞായറാഴ്ചയും കൂടി അവധി ലഭിച്ചതിനാല്‍ പലരും നീണ്ട അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ യാത്രകള്‍ തിരഞ്ഞെടുത്തു. ഇത് വാട്ടര്‍ മെട്രോയ്ക്ക് ഗുണം ചെയ്‌തെന്നു വേണം കരുതാന്‍.
വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കാനെത്തിയവര്‍ ഭൂരിഭാഗവും ദൂര സ്ഥലങ്ങളില്‍നിന്നെത്തിയവരായിരുന്നു. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലിനു മുന്‍പില്‍ അവധി ദിനമായ ഇന്നലെ (23-10-23) നീണ്ട നിര തന്നെ രൂപപ്പെട്ടു. തിരക്കേറിയതിനെ തുടര്‍ന്നു മറൈന്‍ഡ്രൈവ് വാക്ക്‌വേയിലേക്കും നിര നീണ്ടു.
കഴിഞ്ഞയാഴ്ച വാട്ടര്‍ മെട്രോയില്‍ പത്ത് ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഈ മാസം 26-ാം തീയതി ആറു മാസം പിന്നിടാനിരിക്കവേയാണ് ഈ നേട്ടം വാട്ടര്‍ മെട്രോ കൈവരിച്ചത്.
12 ബോട്ടുകളാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. അധികം താമസിയാതെ തന്നെ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നും സൗത്ത് ചിറ്റൂരിലേക്ക് സര്‍വീസ് ആരംഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
