image

16 April 2024 10:31 AM GMT

News

ബെംഗളൂരുവിലെ ജലപ്രതിസന്ധി; ഭവന വാടക കുത്തനെ ഇടിഞ്ഞു

MyFin Desk

ബെംഗളൂരുവിലെ ജലപ്രതിസന്ധി;  ഭവന വാടക കുത്തനെ ഇടിഞ്ഞു
X

Summary

  • വൈറ്റ് ഫീല്‍ഡിലെ ഐടി മേഖലയില്‍ വാടക കുത്തനെ ഇടിഞ്ഞു
  • വെള്ളമില്ലാത്ത മേഖലയില്‍ ജനങ്ങള്‍ താമസമൊഴിയുന്നു
  • വെള്ളം ഇപ്പോഴും ലഭ്യമാവുന്നത് സെന്‍ട്രല്‍ ബെംഗളൂരുവില്‍മാത്രം


ബെംഗളൂരുവിലെ വാടക വരുമാനം വൈറ്റ്ഫീല്‍ഡിലെ ഐടി ഇടനാഴിയില്‍ ഇടിയുന്നു. ജലപ്രതിസന്ധി കാരണം ആള്‍ക്കാര്‍ മേഖല ഒഴിവാക്കുന്നതിനാലാണ് വാടകയിനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതെന്ന് പ്രാദേശിക ബ്രോക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. വാടക നാലുശതമാനത്തോളം വര്‍ധിച്ചശേഷമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.

കിഴക്കന്‍ ബെംഗളൂരുവിലെ വന്‍കിട അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍, ഇപ്പോള്‍ തന്നെ ജലക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍, കൂടുതല്‍ നിക്ഷേപകര്‍ വടക്കന്‍, മധ്യ ഐടി ഇടനാഴികളിലേക്ക് നോക്കുന്നു. വൈറ്റ്ഫീല്‍ഡിലെ വാടക-വരുമാനമുള്ള അസറ്റില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിച്ചവര്‍ ഇപ്പോള്‍ മാറിചിന്തിക്കുകയാണ്.

അടുത്ത വര്‍ഷം ചൂട് കൂടുകയും, ഭൂഗര്‍ഭജലവിതാനം കുറയുകയും, ജലപ്രതിസന്ധി ആവര്‍ത്തിച്ചുള്ള പ്രശ്നമാകുകയും ചെയ്താല്‍ എന്തുചെയ്യും എന്നതാണ് അവരുടെ ചോദ്യം.പൈപ്പ് വെള്ളം ഇപ്പോഴും ലഭ്യമാവുന്ന സെന്‍ട്രല്‍ ബെംഗളൂരുവില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് ഭൂരിപക്ഷം ആള്‍ക്കാരും കരുതുന്നു.

കാവേരി നദിയില്‍ നിന്നുള്ള പൈപ്പ് വെള്ളം ചില പ്രദേശങ്ങളില്‍ മാത്രമേ ലഭ്യമാകൂ. 2007-ല്‍ നഗരപരിധിയില്‍ കൊണ്ടുവന്ന പ്രദേശങ്ങളിലെ വീടുകള്‍, അമിതമായ ഉപയോഗം മൂലം ജലവിതാനം താഴുന്നതിനാല്‍ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നത് തുടരുകയാണ്.എന്നാല്‍ വളരെ വലിയ എണ്ണം കുഴല്‍ക്കിണറുകളും വറ്റിപ്പോയിരിക്കുന്നു.

2024 മെയ് മാസത്തോടെ നടപ്പാക്കാനിരിക്കുന്ന കാവേരി പദ്ധതിയുടെ അഞ്ചാം ഘട്ടം നഗരത്തിലെ ഏകദേശം 12 ലക്ഷം നിവാസികള്‍ക്ക് പ്രതിദിനം 110 ലിറ്റര്‍ വെള്ളം നല്‍കുമെന്ന് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ഭൂരിപക്ഷം വാടകക്കാരും സെന്‍ട്രല്‍ ബംഗളൂരുവിലെ ചില ഭാഗങ്ങളാണ് പരിഗണിക്കുന്നത്. അവിടെ പൈപ്പ് വെള്ളം ഇപ്പോഴും ലഭ്യമാണ് .കൂടാതെ വടക്കന്‍ ബെംഗളൂരുവിലെ ഹെന്നൂര്‍, ഹെബ്ബാള് പ്രദേശങ്ങളിലും.

നിലവില്‍ വടക്കന്‍ ബെംഗളൂരുവില്‍ ഒരു 2 ബെഡ്‌റൂം വിടിനോ ഫ്‌ളാറ്റിനോ പ്രതിമാസം 27,000-30,000 രൂപ ചെലവാകും. ഇത് ഇന്ദിരാനഗര്‍, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം കുറവാണ്.

ക്രമാനുഗതമായി ഉയരുന്ന റിയല്‍ എസ്റ്റേറ്റ് വിലയുടെ പശ്ചാത്തലത്തില്‍, ആസൂത്രിതമല്ലാത്ത നിര്‍മ്മാണവും അടിസ്ഥാന സൗകര്യ വികസനവും കാരണം ജലത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായതായി വിദഗ്ധര്‍ പറയുന്നു.

ജലപ്രതിസന്ധി ഭവന സമുച്ചയങ്ങളെ സ്വകാര്യ വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്.അവ ഇപ്പോള്‍ പ്രീമിയം ചാര്‍ജാണ് ഈടാക്കുന്നത്.

ഭവന സമുച്ചയങ്ങളിലെ അപ്പാര്‍ട്ട്മെന്റ് ഉടമകളുടെ പരിപാലനച്ചെലവ് പ്രതിമാസം 6,000 രൂപയെങ്കിലും വര്‍ധിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് വൈറ്റ്ഫീല്‍ഡിലെ വാടകയില്‍ 10 ശതമാനം കുറവുണ്ടായിട്ടുമുണ്ട്.

വാസ്തവത്തില്‍, ഇന്ന് ബെംഗളൂരുവിലെ വാടകക്കാര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും എപ്പോഴും എല്ലാദിവസവും ജലലഭ്യതയാണ് മുന്‍ഗണന.വാടകയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ മിക്ക വാടകക്കാരും കാവേരിയില്‍ നിന്നുള്ള പൈപ്പ് ജലവിതരണത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്.