image

6 May 2023 6:45 AM GMT

News

കണക്കുകള്‍ പറയുന്നു ചെറുതല്ല നൊമോഫോബിയ

MyFin Desk

കണക്കുകള്‍ പറയുന്നു ചെറുതല്ല നൊമോഫോബിയ
X

Summary

  • ഒപ്പോയുടെ ഉത്പന്ന നിര്‍മ്മാണത്തില്‍ ഈ സര്‍വേ റിപ്പോര്‍ട്ട് ഏറെ സഹായകമാകും


ഡെല്‍ഹി: ഇന്ന് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന പ്രവണതകളിലൊന്നാണ് മൊബൈല്‍ ഫോണിനോടുള്ള ആസക്തി. ഒരു മിനിറ്റുപോലും താഴെ വക്കാതെ തലകുനിഞ്ഞിരിക്കുന്നവരാണ് നാമടക്കം ബഹുഭൂരിപക്ഷവും. അടുത്തിടെ മൊബൈല്‍ നിര്‍മാതാക്കളായ ഒപ്പോയും വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍ പോയിന്റും സംയുക്തമായി സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഫോണ്‍ ഇല്ലാത്ത സാഹചര്യങ്ങളെ വൈകാരികമായാണ് കൈകാര്യംചെയ്യുന്നത്. അതിനാല്‍ ഏതാണ്ട് സര്‍വേയുടെ 65 ശതമാനം പേര്‍ക്കും നോമോഫോബിയ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ നിന്നായി 1500 ലധികം പേരാണ് സര്‍വേയുടെ ഭാഗമായത്.

'ഇതൊരു അടിസ്ഥാന പഠനമാണ്. ഒപ്പോയുടെ ഉത്പന്ന നിര്‍മ്മാണത്തില്‍ ഈ സര്‍വേ റിപ്പോര്‍ട്ട് ഏറെ സഹായകമാകും. ബാറ്ററി പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തില്‍ 60 ശതമാനം ആളുകളും അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അതിനാല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ ഉത്പന്നങ്ങളുടെ ബാറ്ററി ലൈഫ് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നതാണ്,' ഒപ്പോ ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദമ്യന്ത് സിംഗ് ഖനോറിയ പറഞ്ഞു.

സ്ത്രീകളേക്കാള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരാണ് കൂടുതല്‍ ഉത്കണ്ഠ അഭിമുഖീകരിക്കുന്നത്. 74 ശതമാനം സ്ത്രീ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 82 ശതമാനം പുരുഷ ഉപയോക്താക്കളും കൂടുതല്‍ ഉത്കണ്ഠ അനുഭവിക്കുന്നതായി പഠനം പറയുന്നു.

കണക്കുകള്‍ പ്രകാരം, 92.5 ശതമാനം ഉപയോക്താക്കളും അവരുടെ ഫോണില്‍ പവര്‍ സേവിംഗ് മോഡ് ഉപയോഗിക്കുന്നു, 87 ശതമാനം പേര്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നു.

അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനവും വിനോദത്തിനാണ് സ്മാര്‍ട്ട്‌ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗമാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏകദേശം 65 ശതമാനം ഉപയോക്താക്കള്‍ ബാറ്ററി ലാഭിക്കാന്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ 82 ശതമാനം പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗമാണ് പരിമിതപ്പെടുത്തുന്നത്.

31 വയസിനും 40 വയസിനും ഇടയില്‍ ജോലി ചെയ്യുന്നവരിലും 25 മുതല്‍ 30 വയസ്സുവരെയുള്ളവരിലും ബാറ്ററി കുറവാണെന്ന തോന്നല്‍ കൂടുതലാണെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പഥക് വ്യക്തമാക്കി.