image

9 Jan 2026 6:05 PM IST

News

അന്താരാഷ്ട്ര നിയമങ്ങളും തള്ളി; ട്രംപിനെ ഇനി ആര് തടയും?

MyFin Desk

who will stop trump now
X

Summary

'എന്നെ തടയാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കൊന്നും സാധിക്കില്ല, എന്റെ മനസാക്ഷിയും ബുദ്ധിയും മാത്രമാണ് എന്റെ പരിധി'-ട്രംപ്


മൂന്നാം ഇംപീച്ച്‌മെന്റ് ഭീഷണിയെയും അന്താരാഷ്ട്ര നിയമങ്ങളെയും തള്ളി ട്രംപിന്റെ -മനസാക്ഷി- പരാമര്‍ശം. മനസാക്ഷിയും ബുദ്ധിയും മാത്രമാണ് തന്റെ പരിധിയെന്ന പ്രസ്താവനയില്‍ പകച്ച് ലോകം.എന്നെ തടയാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കൊന്നും സാധിക്കില്ല, എന്റെ മനസാക്ഷിയും ബുദ്ധിയും മാത്രമാണ് എന്റെ പരിധി' - അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രസ്താവനയാണ് ലോകത്തെ ഞെട്ടിച്ചത്.

വെനിസ്വേലയെ കൈപ്പിടിയിലൊതുക്കിയതിന് പിന്നാലെ ട്രംപ് നടത്തിയ ഈ വെളിപ്പെടുത്തല്‍ വെറുമൊരു പ്രസ്താവനയല്ല, മറിച്ച് പുതിയൊരു ആഗോള ക്രമത്തിന്റെ പ്രഖ്യാപനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്നും താന്‍ എന്ത് ചെയ്യുന്നു എന്നത് തന്റെ മാത്രം തീരുമാനമാണെന്നും ട്രംപ് വ്യക്തമാക്കുമ്പോള്‍ തകരുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കെട്ടിപ്പടുത്ത നയതന്ത്ര സുരക്ഷാ കവചങ്ങളാണ്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ്, തന്റെ ഏക പരിധി സ്വന്തം മനസാക്ഷിയാണെന്ന് ട്രംപ് ആവര്‍ത്തിച്ചത്.

അതേസമയം, ട്രംപിന്റെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ അമേരിക്കന്‍ സെനറ്റ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇനി വെനിസ്വേലയില്‍ സൈനിക നടപടി പാടില്ലെന്ന് വ്യക്തമാക്കുന്ന 'വാര്‍ പവേഴ്‌സ് റെസല്യൂഷന്‍' സെനറ്റ് പാസാക്കി. അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നത് ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. 52-47 എന്ന വോട്ടിനാണ് ഈ പ്രമേയം വിജയിച്ചത്.

അതുപോലെ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ വിധിയും ഉടനറിയാം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന്റെ പ്രസ്താവന വന്നതെന്നതും ശ്രദ്ധേയമാണ്.സാമ്പത്തിക ആഘാതം അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശവാദം ഉന്നയിക്കുന്നതും, വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതും ആഗോള നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

യുഎസ് പ്രതിരോധ ബജറ്റ് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനുള്ള നീക്കം അമേരിക്കയുടെ സാമ്പത്തിക കമ്മി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയ ട്രംപ്, രാജ്യം ഇനി തങ്ങള്‍ ഭരിക്കുമെന്നും അവിടുത്തെ എണ്ണ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ വഴി നിയന്ത്രിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ആഗോള എണ്ണ വിപണിയില്‍ വലിയ ചലനങ്ങള്‍ക്ക് ഇത് കാരണമാകും. ഇതിനൊപ്പം ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നയങ്ങളുടെ വിധിയും ലോകം ഉറ്റുനോക്കുകയാണ്.