image

30 Jun 2023 7:39 AM GMT

News

അഹമ്മദാബാദില്‍ ഹോട്ടല്‍ മുറികള്‍ക്ക് വാടക ഒരുലക്ഷം വരെ; കാരണം ക്രിക്കറ്റ്

MyFin Desk

ahmedabad hotel room rent up to 1 lakh because cricket
X

Summary

  • ഒക്ടോബര്‍ 15 നടക്കുന്ന ഇന്താ-പാക് ക്രിക്കറ്റിനോടനുബന്ധിച്ചാണ് തിരക്കേറിയത്
  • മത്സരത്തോടനുബന്ധിച്ച തീയതികളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നു
  • അയ്യായിരം രൂപയുടെ മുറികള്‍ അരലക്ഷത്തിനും കിട്ടാനില്ല!


അഹമ്മദാബാദില്‍ ഹോട്ടല്‍ മുറികള്‍ കിട്ടാനില്ല! ഉള്ളവയുടെ നിരക്കുകളാകട്ടെ നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെയുമായി. ഇവിടെ ഞെട്ടിപ്പോയത് ക്രിക്കറ്റ് ആരാധകരാണ്. കാരണം ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക് മത്സരത്തോടനുബന്ധിച്ചാണ് ഹോട്ടല്‍ മുറി നിരക്കുകള്‍ ശരവേഗത്തില്‍ ഉയര്‍ന്നത്.

ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ മാറ്റുരയ്ക്കും. ഇതിന്റെ പ്രഖ്യാപനം ഐസിസി നടത്തിയപ്പോള്‍തന്നെ ഹോട്ടല്‍ മേഖലയില്‍ മണികിലുക്കം തുടങ്ങി. പിന്നെ മുറി വാടകകള്‍ കുതിച്ചുയര്‍ന്നു. എന്നിട്ടും മുറികള്‍ക്കായുള്ള അന്വേഷണം വീണ്ടും ഉയര്‍ന്നപ്പോള്‍ വാടകയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഉയരങ്ങളിലേക്ക് കുതിച്ചു.

ഇന്ത്യാ-പാക് മത്സരങ്ങള്‍ എന്നും ലോക ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. കാരണം കളിക്കളത്തില്‍ തുല്യശക്തികളാണ് ഏറ്റുമുട്ടുന്നത്. ജയപരാജയങ്ങള്‍ മാറി മറിയും. ആരാധകര്‍ ആവേശക്കൊടുമുടി കയറുകയും സമ്മര്‍ദ്ദത്തിന്റെ കയങ്ങളിലേക്ക് വീഴുകയും ചെയ്യും. അങ്ങനെ പ്രവചനാതീതമായി മാറിമറിയുന്ന മത്സരം കാണാനാണ് തിരക്കേറുക.

പല രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കുപുറമേ മറ്റ് സംസ്ഥാനങ്ങളില്‍ എത്തുന്നവരും ഒത്തുചേരുമ്പോള്‍ അഹമ്മദാബാദ് ക്രിക്കറ്റ് ലഹരിയില്‍ ആറാടും. തങ്ങളുടെ ടീമിന്റെ വിജയം കാണാനായി മാത്രം എത്തുന്നവരാകും സ്‌റ്റേഡിയത്തിനുള്ളിലും പുറത്തും എന്നത് അപകടകരം കൂടിയാണ്. തോല്‍വി ഇരു ടീമിനും അവരുടെ ആരാധകര്‍ക്കും താങ്ങാനാവില്ല.

അഹമ്മദാബാദിലെ ആഡംബര ഹോട്ടലുകളുടെ വില ഒരു മുറിക്ക് ശരാശരി 5,000-8,000 രൂപയാണ്. എന്നാല്‍ ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച തീയതികളില്‍ 40,000 രൂപയായും ചില സ്ഥലങ്ങളില്‍ ഒരു ലക്ഷം രൂപയായും ഉയര്‍ന്നു.

കൂടാതെ, അമിതമായ ഡിമാന്‍ഡ് അഹമ്മദാബാദിലെ ഐടിസി നര്‍മ്മദ, കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ്, ഹയാത്ത്, താജ് സ്‌കൈലൈന്‍ അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുറികള്‍ ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു.

സൗരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നളിന്‍ സവേരി അഹമ്മദാബാദിലെ ഹോട്ടല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണം വാര്‍ത്താ ഏജന്‍സികളോട് വിശദീകരിച്ചിട്ടുണ്ട്. തീപ്പൊരി ചിതറുന്ന മത്സരത്തിനായി പുറത്തുനിന്നും ധാരാളം ആള്‍ക്കാരാണ് മുറികള്‍ ബുക്കു ചെയ്യുന്നത്. നഗരത്തിലെ ഹോട്ടല്‍ മുറികളുടെ പരമാവധി ശേഷിയും ആവശ്യകതയും തമ്മില്‍ വിടവില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്ലെങ്കില്‍ അതിലും കൂടുതല്‍ പേര്‍ മത്സരം കാണുന്നതിനായി എത്തുന്നുണ്ടെന്നാണ് സവേരി പറയുന്നത്.

എന്‍ആര്‍ഐകളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന മധ്യവര്‍ഗ ക്രിക്കറ്റ് ആരാധകരുടെയും ആവശ്യം മൂലമാണ് അഹമ്മദാബാദിലെ ഹോട്ടല്‍ മുറികളുടെ നിരക്കുകള്‍ കൂടുതലായി ഉയര്‍ന്നതെന്ന് ഗുജറാത്ത് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനെ (എച്ച്ആര്‍എ) ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

''ഒരു പ്രത്യേക കാലയളവില്‍ ആവശ്യക്കാര്‍ വളരെ കൂടുതലാണെന്ന് ഹോട്ടലുടമകള്‍ കരുതുന്നുവെങ്കില്‍, ഉയര്‍ന്ന നിരക്കുകള്‍ക്കിടയിലും മുറികള്‍ നിറയുമെന്ന് ഉറപ്പുള്ളതിനാല്‍ കുറച്ച് വരുമാനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കും. ഡിമാന്‍ഡ് കുറയുന്നതോടെ മുറികളുടെ വാടകയും കുറയും' എച്ച്ആര്‍എ-ഗുജറാത്ത് വക്താവ് അഭിജിത് ദേശ്മുഖ് പറയുന്നു.

ആഡംബര ഹോട്ടലുകളുടെ വില കുതിച്ചുയരുമ്പോള്‍, ബജറ്റ് ഹോട്ടലുകളുടെ വിലകള്‍ ഇത്രയധികം വര്‍ധിച്ചിട്ടില്ലെന്നും, അവസാന നിമിഷം മത്സരം കാണാന്‍ തീരുമാനിക്കുന്ന മധ്യവര്‍ഗ ക്രിക്കറ്റ് ആരാധകര്‍ ഈ ഹോട്ടലുകളാണ് ഇഷ്ടപ്പെടുന്നതെന്നും ദേശ്മുഖ് കുറിച്ചു.