10 April 2026 4:57 PM IST
ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ച വഴിമുട്ടുമോ? പ്രതിനിധികള്‍ ഇസ്ലാമബാദില്‍ എത്തിയെന്ന വാര്‍ത്ത തള്ളി ടെഹ്റാന്‍
MyFin Desk
Summary
വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയോ പാര്‍ലമെന്റ് സ്പീക്കറോ രാജ്യം വിട്ടിട്ടില്ലെന്നും അവര്‍ ടെഹ്റാനില്‍ തന്നെയുണ്ടെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി
അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനിലെത്തിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ടെഹ്‌റാന്‍ നിഷേധിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയോ പാര്‍ലമെന്റ് സ്പീക്കറോ രാജ്യം വിട്ടിട്ടില്ലെന്നും അവര്‍ ടെഹ്റാനില്‍ തന്നെയുണ്ടെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. ഇതോടെ ലോകം ഉറ്റുനോക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ പുതിയ സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ലെബനനിലെ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാട്. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ഇസ്രയേല്‍ ആക്രമണം തുടരുകയുമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ലെബനനില്‍ പൂര്‍ണ്ണമായ സമാധാനം പുനഃസ്ഥാപിക്കാതെ അമേരിക്കന്‍ പക്ഷവുമായി മേശയ്ക്കു ചുറ്റുമിരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ എത്തിയെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനിലെ ഇറാന്‍ അംബാസഡറും 10 അംഗ സംഘം എത്തുമെന്ന് സൂചിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അദ്ദേഹം ആ പ്രസ്താവന പിന്‍വലിച്ചത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ലബനനിലെ സ്ഥിതി വഷളായതും പുതിയ വ്യോമാക്രമണങ്ങളും ഇറാനെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു എന്നാണ് സൂചന.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ വിഷയത്തില്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്. 'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറില്‍ തന്നെയാണ്' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ലെബനനിലെ ആക്രമണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ നടന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഏപ്രില്‍ 10-ന് നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാക്കിസ്ഥാന്‍ പൂര്‍ണ്ണ സജ്ജമാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം ഇസ്ലാമാബാദില്‍ സുരക്ഷ കടുപ്പിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നേതൃത്വം നല്‍കുന്ന സംഘം ചര്‍ച്ചയ്ക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ് സോണില്‍ സൈന്യത്തെയും റേഞ്ചേഴ്‌സിനെയും വിന്യസിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ അന്തിമ തീരുമാനം എന്താകുമെന്ന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
