17 Feb 2024 12:07 PM IST
Summary
- നവല്‍നിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കു അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു വൈറ്റ് ഹൗസ് മുന്നറിയിപ്പ്
- പുടിന്റെ കടുത്ത വിമര്‍ശകനെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് 47-കാരനായ നവല്‍നി
- റഷ്യയില്‍2024 മാര്‍ച്ച് 17നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
വാഗ്‌നര്‍ എന്ന റഷ്യയിലെ കൂലിപ്പട്ടാളത്തിന്റെ നേതാവ് യെവ്‌ജെനി പ്രിഗോസിന്‍ കൊല്ലപ്പെട്ടിട്ട് അധികം കാലമൊന്നുമായിട്ടില്ല.
2023 ഓഗസ്റ്റ് 23 ന് മോസ്‌കോയ്ക്കടുത്തുള്ള ത്വര്‍ മേഖലയില്‍ നടന്ന വിമാനാപകടത്തിലാണു യെവ്‌ജെനി പ്രിഗോസിന്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രിഗോസിന്‍ കൊലപ്പെടുന്നതിന് കേവലം 2 മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ കൂലിപ്പട്ടാളം റഷ്യയില്‍ പുടിനെതിരേ സായുധ കലാപം നടത്തിയിരുന്നു. കലാപം പക്ഷേ, വിജയിച്ചില്ലെങ്കിലും പുടിന് അത് ഉയര്‍ത്തിയ ഭീഷണി ചെറുതല്ലായിരുന്നു.
ഇപ്പോള്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി മരണപ്പെട്ടതിനു പിന്നിലും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കരങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വിശ്വസിക്കുകയാണ് ലോകം.
റഷ്യയില്‍ പുടിന്റെ കടുത്ത വിമര്‍ശകനെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് 47-കാരനായ നവല്‍നി.
പുടിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ നിരവധി തവണ നവല്‍നിയുടെ നേതൃത്വത്തില്‍ റഷ്യയില്‍ അരങ്ങേറിയിട്ടുണ്ട്. നവല്‍നി നടത്തുന്ന ഓരോ പ്രതിഷേധത്തിനും ജനപിന്തുണ ഏറി വന്നിരുന്നു. അതില്‍ പുടിന്‍ അസ്വസ്ഥനുമായിരുന്നു. അതോടെ പുടിന്റെ ഹിറ്റ് ലിസ്റ്റിലിടം നേടാന്‍ മറ്റൊന്നും വേണ്ടി വന്നുമില്ല.
ആദ്യമെല്ലാം നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയുമാണു നവല്‍നി പുടിനെതിരേ രംഗത്തുവന്നത്. പുടിന്റെയും അദ്ദേഹം നയിക്കുന്ന ഭരണകൂടത്തിന്റെയും അഴിമതി കഥകള്‍ ഒന്നൊന്നായി വെളിപ്പെടുത്തി ജനകീയ പോരാട്ടം നടത്തി നവല്‍നി. ഇതില്‍ അസ്വസ്ഥനായ പുടിന്‍ വിഷപ്രയോഗത്തിലൂടെയും കേസുകളെടുത്തും നവല്‍നിയെ നേരിട്ടു.
2020-ല്‍ നവല്‍നി സൈബീരിയയില്‍ നിന്നും മോസ്‌ക്കോയിലേക്ക് സഞ്ചരിക്കവേ വിമാനത്തിനുള്ളില്‍ വച്ച് അബോധാവസ്ഥയിലാവുകയുണ്ടായി. നവല്‍നിയെ വിഷം നല്‍കി അപായപ്പെടുത്താന്‍ പുടിന്‍ ഭരണകൂടം ശ്രമിച്ചെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ റഷ്യന്‍ ഭരണകൂടം ഈ ആരോപണം നിഷേധിക്കുകയായിരുന്നു.
നവല്‍നിക്ക് അന്ന് ജര്‍മന്‍ സന്നദ്ധ സംഘടന ബെര്‍ലിനില്‍ എത്തിച്ച് ചികിത്സ നല്‍കിയാണ് ജീവന്‍ രക്ഷിച്ചത്.
ഇപ്പോള്‍ റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നവല്‍നി കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. 2024 മാര്‍ച്ച് 17നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
2021-മുതല്‍ കൊടും ക്രിമിനലുകളെ മാത്രം താമസിപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലിലായിരുന്നു നവല്‍നിയെയും പാര്‍പ്പിച്ചിരുന്നത്. നവല്‍നിയുടെ അഭിഭാഷകര്‍ അദ്ദേഹവുമായി അവസാനമായി സംസാരിച്ചത് 2023 ഡിസംബര്‍ 5-നായിരുന്നു.
നവല്‍നിയുടെ മരണത്തില്‍ അപലപിച്ച് ലോക നേതാക്കള്‍
നവല്‍നിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യന്‍ പ്രസിഡന്റ് പുടിനാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫെബ്രുവരി 16-നാണ് നവല്‍നി മരണപ്പെട്ട വിവരം പുറത്തുവന്നത്.
നവല്‍നിയുടെ മരണം പുടിന്റെ പൈശാചികതയാണു തെളിയിക്കുന്നതെന്നും മരണത്തിനു പിന്നില്‍ റഷ്യന്‍ ഭരണകൂടമാണെന്നും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ അടിച്ചമര്‍ത്തുകയാണു പുടിനെന്നും നവല്‍നിയുടെ മരണത്തോടെ എത്രത്തോളം ഭീകരനാണു പുടിനെന്ന് ലോകത്തിനു മുഴുവന്‍ ബോധ്യപ്പെട്ടതായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
നവല്‍നിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍, ഹെല്‍സിങ്കി എന്നിവിടങ്ങളില്‍ ജനക്കൂട്ടം തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ റഷ്യന്‍ എംബസികള്‍ക്കു മുന്‍പില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
