image

9 April 2024 7:35 AM GMT

News

റാഫക്കെതിരായ ആക്രമണം; ഇസ്രയേലിന് മുന്നറിയിപ്പ്

MyFin Desk

റാഫക്കെതിരായ ആക്രമണം;   ഇസ്രയേലിന് മുന്നറിയിപ്പ്
X

Summary

  • ആക്രമണം നിശ്ചയിച്ചുകഴിഞ്ഞതായി നെതന്യാഹു
  • 1.5 ദശലക്ഷത്തിലധികം പാലസ്തീന്‍ സിവിലിയന്‍മാര്‍ അഭയം തേടിയത് റാഫയിലാണ്
  • ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കണമെന്നും ലോകനേതാക്കള്‍


തെക്കന്‍ ഗാസയിലെ നഗരമായ റാഫക്കെതിരെ ആക്രമണം നടത്താനൊരുങ്ങുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി ഫ്രാന്‍സ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മൂന്നു രാജ്യങ്ങളും ആവശ്യപ്പെട്ടു. 'റാഫയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു,' ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുടെ സംയുക്ത പ്രസ്താവന നിരവധി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.

വെടിനിര്‍ത്തലിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ ആഹ്വാനം 'കൂടുതല്‍ കാലതാമസം കൂടാതെ പൂര്‍ണ്ണമായും നടപ്പിലാക്കണം' എന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

1.5 ദശലക്ഷത്തിലധികം പാലസ്തീന്‍ സിവിലിയന്‍മാര്‍ അഭയം തേടിയ റാഫയില്‍ ഇസ്രയേല്‍ നടത്താനൊരുങ്ങുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതില്‍ നിന്ന് പിന്മാറണമെന്ന് മൂന്നുരാജ്യങ്ങളും അഭ്യര്‍ത്ഥിച്ചു.

'അത്തരമൊരു ആക്രമണം കൂടുതല്‍ മരണവും ദുരന്തങ്ങളും കൊണ്ടുവരും. ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കുന്നതിന്റെ അപകടസാധ്യതകളും അനന്തരഫലങ്ങളും വളരെ വലുതായിരിക്കും'.ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവര്‍ ലേഖനത്തില്‍ ഒപ്പുവെച്ചു.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനൊപ്പം ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കണമെന്നും മൂന്നു നേതാക്കളും ആവശ്യപ്പെട്ടു.

ആക്രമണത്തിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെ, റാഫയ്ക്കെതിരായ ഏത് ആക്രമണത്തെയും എതിര്‍ക്കുന്നുവെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേല്‍ അതിന്റെ സഖ്യകക്ഷിയും ആയുധ വിതരണക്കാരുമായ യുഎസില്‍ നിന്നുള്‍പ്പെടെ വെടിനിര്‍ത്തലിന് സമ്മതിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാണ്. അതേസമയം, കെയ്റോയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തലിനും തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് പറഞ്ഞു.

ഗാസയിലെ തീവ്രവാദികളുമായുള്ള യുദ്ധത്തിന് ഒരു കരാറിനുള്ള ശരിയായ സമയമാണിതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.എന്നാല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, റാഫയിലേക്ക് സൈന്യത്തെ അയക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു.