30 Jan 2026 7:23 PM IST
Summary
സ്‌കൂള്‍, ആശുപത്രി, ഷോപ്പിങ് സെന്റര്‍, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാം
ദുബായില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇനി അലയേണ്ടതില്ല, 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാവുന്ന വിധത്തിലാണ് 20 മിനിറ്റ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍, ആശുപത്രി, ഷോപ്പിങ് സെന്റര്‍, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന 20-മിനിറ്റ് സിറ്റി പദ്ധതിക്കാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ അംഗീകാരം നല്‍കിയത്. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ താമസമേഖലയിലും സംയോജിത സേവന കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതുവഴി ദൂരസ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാം. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിള്‍ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ-2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് കരാമ, ഖിസൈസ്, അല്‍ബര്‍ഷയുടെ മറ്റു മേഖലകള്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കും
20 മിനിറ്റ് സിറ്റിയില്‍ തണലുള്ള നടപ്പാതകളും സുരക്ഷിത സൈക്കിള്‍ ട്രാക്കുകളും സജ്ജമാക്കും. നൂതന നഗരത്തില്‍ താമസിക്കാന്‍ കൂടുതല്‍ പേര്‍ താല്‍പര്യപ്പെടുന്നതോടെ വാടകയും വസ്തുവിലയും ഉയരാനും സാധ്യതയുണ്ട്. താമസസ്ഥലത്തുനിന്ന് പരമാവധി 800 മീറ്ററിനുള്ളില്‍ മെട്രോ സ്റ്റേഷനോ ബസ് സ്റ്റോപ്പോ ഉണ്ടാകും.
പഠിക്കാം & സമ്പാദിക്കാം
Home
