27 Jun 2026 12:02 PM IST
Summary
യുദ്ധം അവസാനിപ്പിക്കാനും നിര്‍ണായകമായ ഈ ജലപാത വീണ്ടും തുറക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഇടക്കാല ധാരണയ്ക്ക് വലിയൊരു തിരിച്ചടിയാണ് ഈ സംഭവവികാസങ്ങള്‍
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി യുഎസ് ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ കേന്ദ്രങ്ങളെയും തീരദേശ റഡാര്‍ സൈറ്റുകളെയുമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ലക്ഷ്യം വച്ചത്. യുദ്ധം അവസാനിപ്പിക്കാനും നിര്‍ണായകമായ ഈ ജലപാത വീണ്ടും തുറക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഇടക്കാല ധാരണയ്ക്ക് വലിയൊരു തിരിച്ചടിയാണ് ഈ സംഭവവികാസങ്ങള്‍.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇത്തരം പ്രകോപനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, ഇത് വെടിനിര്‍ത്തല്‍ ലംഘനമല്ലെന്നും, തങ്ങളുടെ പരമാധികാരത്തിന് കീഴിലുള്ള ഹോര്‍മുസ് കടലിടുക്കിലെ നടപടികള്‍ മാത്രമാണെന്നും ഇറാനിയന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മീഷന്‍ തലവന്‍ ഇബ്രാഹിം അസീസി തിരിച്ചടിച്ചു.
ഈ ആക്രമണം അന്താരാഷ്ട്ര വ്യാപാരമേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഏജന്‍സി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏകദേശം 500-ഓളം കപ്പലുകള്‍ ഇപ്പോഴും ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് വരെ നടപടികള്‍ പുനരാരംഭിക്കില്ലെന്നും ഏജന്‍സി വ്യക്തമാക്കി.
ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഹോര്‍മുസ് കടലിടുക്കിലെ ചരക്ക് നീക്കത്തെ ഈ സംഭവങ്ങള്‍ സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുമ്പുള്ള പതിവ് തിരക്കിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങള്‍ വിപണിയിലെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും, ഈ ജലപാതയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാത്ത വെല്ലുവിളിയായി തുടരുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
