image

13 March 2026 8:02 PM IST

NRI

ദുബായിലെ ഷെയറിങ് ഹൗസുകള്‍ക്ക് പുതിയ നിയമം; ലംഘിച്ചാല്‍ കര്‍ശന നടപടി

MyFin Desk

ദുബായിലെ ഷെയറിങ് ഹൗസുകള്‍ക്ക് പുതിയ നിയമം; ലംഘിച്ചാല്‍ കര്‍ശന നടപടി
X

Summary

നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും


ഒന്നിലധികം പേര്‍ ചേര്‍ന്ന് താമസിക്കുന്ന ഷെയറിങ് ഹൗസുകളില്‍ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ പുതിയ നിയമവുമായി ദുബായ് ഭരണകൂടം. ഷെയറിങ് ഹൗസുകളെ നിയന്ത്രിക്കുന്നതിനും പ്രോപ്പര്‍ട്ടി ഉടമകള്‍, വാടകക്കാര്‍, അത്തരം യൂണിറ്റുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ നിയമം കൊണ്ടുവന്നു.

പുതിയ നിയമം അനുസരിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി ഇല്ലാതെ ഒരു കെട്ടിടവും ഷെയറിങ് താമസത്തിനായി ഉപയോഗിക്കാന്‍ പാടില്ല. ഓരോ മുറിയിലും താമസിക്കാവുന്ന ആളുകളുടെ എണ്ണത്തിന് കൃത്യമായ പരിധി നിശ്ചയിക്കും. ഒരാള്‍ക്ക് ആവശ്യമായ മിനിമം സ്ഥലസൗകര്യം ഉറപ്പാക്കണം. കെട്ടിട ഉടമകള്‍ക്കും താമസക്കാര്‍ക്കും മാനേജ്മെന്റ് കമ്പനികള്‍ക്കും നിയമം ബാധകമാണ്. ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുക, കെട്ടിടങ്ങളുടെയും ഭൂവിനിയോഗത്തിന്റെയും ലംഘനങ്ങള്‍ പരിഹരിക്കുക, ന്യായമായ വാടക രീതികള്‍ പ്രോത്സാഹിപ്പിക്കുക, ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സ്ഥിരത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമം കൊണ്ടുവന്നത്.

നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ഇരട്ടിയാക്കും. ആറുമാസം വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കല്‍, പെര്‍മിറ്റുകള്‍ റദ്ദാക്കല്‍, വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കല്‍, ലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ പൊതു സേവനങ്ങള്‍ വിച്ഛേദിക്കല്‍, പെര്‍മിറ്റ് നിയമങ്ങള്‍ പാലിക്കാത്ത യൂണിറ്റുകളില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ ഉത്തരവ് എന്നീ നടപടികളും ഉണ്ടാകും.