11 March 2026 9:35 PM IST
സ്മാര്‍ട്ട് ഫീഡിങ്ങിലൂടെ മൃഗസംരക്ഷണം; ഇഹ്സാന്‍ സ്റ്റേഷന്‍ സ്ഥാപിച്ച് ദുബായ് മുന്‍സിപ്പാലിറ്റി
MyFin Desk
Summary
മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മെഷീനുകള്‍ ആവശ്യമായ ഭക്ഷണം നല്‍കും
തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സ്മാര്‍ട്ട് സംവിധാനവുമായി ദുബായ് മുന്‍സിപ്പാലിറ്റി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇഹ്‌സാന്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. മൃഗസംരക്ഷണം, വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന രീതിയിലുള്ള ഭക്ഷണം നല്‍കല്‍ ഒഴിവാക്കി നഗരത്തിന്റെ ഭംഗി നിലനിര്‍ത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് എഐ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഇഹ്‌സാന്‍ സ്റ്റേഷനുകളുമായി ദുബായ് മുന്‍സിപ്പാലിറ്റി രംഗത്തെത്തിയത്.
തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉപകരണങ്ങള്‍ വഴി ഭക്ഷണം നല്‍കും. ആദ്യഘട്ടത്തില്‍ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 12 സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം. 10 എണ്ണം പൊതു പാര്‍ക്കുകളിലും രണ്ടെണ്ണം ദുബായ് ഹോള്‍ഡിംഗിന് കീഴിലുള്ള സ്ഥാപനങ്ങളിലും സജ്ജീകരിക്കും. മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മെഷീനുകള്‍ ആവശ്യമായ ഭക്ഷണം നല്‍കും. മൃഗങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഈ ഉപകരണങ്ങള്‍ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജന്‍സിയുടെ ആക്ടിംഗ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. യുഎഇയില്‍ തന്നെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ഡോ. നസീം മുഹമ്മദ് റാഫി കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
