23 Oct 2026 11:27 AM IST
Summary
മെയ് മാസത്തില്‍ ആരംഭിച്ച ഉഷ്ണതരംഗങ്ങള്‍ സെപ്റ്റംബര്‍ വരെ നീണ്ടുനിന്നതോടെ യൂറോപ്പിലുടനീളം സാധാരണ താപനിലയില്‍നിന്ന് വലിയ വ്യതിയാനമുണ്ടായി
യൂറോപ്പിനെ വിറപ്പിച്ച് റെക്കോര്‍ഡ് ഉഷ്ണതരംഗം. 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വേനല്‍ക്കാലത്ത് മേഖലയിലെ നഗരങ്ങളില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് ഏകദേശം 50,000 പേര്‍ മരിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഉഷ്ണതരംഗം യൂറോപ്യന്‍ യൂണിയന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ഏകദേശം 0.17 ശതമാനത്തിന്റെ ഇടിവുണ്ടാക്കി. ഏകദേശം 17 ബില്യണ്‍ യൂറോയുടെ (18.9 ബില്യണ്‍ ഡോളര്‍) സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെയും ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച്, ഈ വേനല്‍ക്കാലത്തെ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും കാരണം കാലാവസ്ഥാ വ്യതിയാനമാണ്. യൂറോപ്യന്‍ യൂണിയന്‍, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലെ 854 നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. 2022-ല്‍ ഏകദേശം 29,000 പേരും 2003-ല്‍ 28,000 പേരും ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുള്ള ആഗോളതാപനം വര്‍ധിക്കുന്നതിനനുസരിച്ച് ചൂട് കാരണമുള്ള മരണങ്ങളുടെ എണ്ണവും ഉയരുകയാണ്.
മെയ് മാസത്തില്‍ ആരംഭിച്ച ഉഷ്ണതരംഗങ്ങള്‍ സെപ്റ്റംബര്‍ വരെ നീണ്ടുനിന്നതോടെ യൂറോപ്പിലുടനീളം സാധാരണ താപനിലയില്‍നിന്ന് വലിയ വ്യതിയാനമുണ്ടായി. പശ്ചിമ യൂറോപ്പില്‍ 1991-2020 കാലയളവിലെ വേനല്‍ക്കാല ശരാശരിയേക്കാള്‍ ഏകദേശം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു താപനില. ചില ദിവസങ്ങളില്‍ വ്യത്യാസം 12 ഡിഗ്രി വരെയെത്തി. കാട്ടുതീയില്‍ വീടുകള്‍ നശിക്കുകയും ആശുപത്രികളില്‍ അമിത ചൂട് അനുഭവപ്പെടുകയും ഗതാഗത സംവിധാനങ്ങള്‍ തകരാറിലാകുകയും ചെയ്തു. കടുത്ത ചൂട് ഫ്രാന്‍സിന്റെ രണ്ടാം പാദ ജിഡിപിയില്‍ 0.2 ശതമാനവും ജര്‍മനിയുടെ ജിഡിപിയില്‍ 0.1 ശതമാനവും സ്‌പെയിനിന്റെ ജിഡിപിയില്‍ 0.05 ശതമാനവും ഇടിവുണ്ടാക്കിയതായി ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിന്റെ പഠനം കണക്കാക്കുന്നു.
പ്രായമായവര്‍, നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരാണ് കടുത്ത ചൂടിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടുന്നത്. ഉയര്‍ന്ന താപനില ഹൃദയ, ശ്വസന സംബന്ധമായ രോഗങ്ങള്‍ വഷളാക്കുന്നതിനാല്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതും വെല്ലുവിളിയാണ്. ആഗോളതാപനം വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള നിലവാരത്തെ അപേക്ഷിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസ് കവിയുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ, ചൂടിനെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അപകടസാധ്യതയുള്ളവരെ സംരക്ഷിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
