image

16 Oct 2023 4:39 PM IST

Europe and US

ഇസ്രയേല്‍-ഹമാസ് യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

MyFin Desk

how will the israel-palestine war affect the indian economy
X

Summary

  • യുദ്ധം നീണ്ടുനിന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥയെ അത് ബാധിക്കും
  • അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം പ്രധാന പ്രശ്‌നമാകും
  • ലെബനന്‍, സിറിയ എന്നിവയുമായുള്ള ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി സെന്‍സിറ്റീവായി തുടരുന്നു


ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇന്ത്യ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?

ഈ ചോദ്യത്തിനു ദിവസം നീങ്ങുന്തോറും പ്രസക്തിയേറുകയാണ്. കാരണം, ഇന്ത്യയുടെ തന്ത്രപ്രധാനമായ വ്യാപാര പങ്കാളിയായാണ് ഇസ്രയേല്‍. ഒക്ടോബര്‍ ഏഴിനാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹമാസ് ഇസ്രയേലിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് മേഖലയില്‍ യുദ്ധാവസ്ഥ സംജാതമായി. ടെല്‍അവീവിന്റെ തിരിച്ചടിയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഗാസയിലുടനീളം ഉണ്ടായത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുള്‍പ്പെടെയുള്ള ആഗോള വിപണിയില്‍ യുദ്ധം ആശങ്കകള്‍ സൃഷ്ടിച്ചു.

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ വ്യാപാരം ഏകദേശം 210 കോടി ഡോളറിന്റേതാണ്. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന ഏറ്റവും മികച്ച നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍ എന്ന് 2019 ലെ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സംഘര്‍ഷം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്.അതിനാല്‍ അതിന്റെ പ്രത്യാഘാതം ഇന്ത്യയുള്‍പ്പെടെയുള്ള ഇസ്രായേലിന്റെ വ്യാപാര പങ്കാളികളില്‍ കാണാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരും കയറ്റുമതി സംഘടനകളിലെ ഉദ്യോഗസ്ഥരും പറഞ്ഞു. എങ്കിലും യുദ്ധം നീണ്ടുപോയാലും സംഘര്‍ഷം അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം പ്രധാന പ്രശ്‌നമാകും. കൂടാതെ ഓഹരിവിപണിയുടെ തകര്‍ച്ച മൂലധനം യുഎസ് പോലുള്ള രാജ്യങ്ങളിലേക്ക് നീങ്ങാന്‍ കാരണമാകും. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് വിശദീകരിച്ചു.

പ്രധാന എണ്ണ ഉല്‍പ്പാദക മേഖലയിലാണ് സംഘര്‍ഷം എന്നതാണ് പ്രധാന സംഗതി. മേഖലയിലെ അനിശ്ചിതത്വം കൂടുതല്‍ കാലം തുടരുന്നത് എണ്ണവില ഉയർത്തും. പ്രത്യേകിച്ചും യുദ്ധം കൂടുതല്‍ വ്യാപകമായാല്‍.കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍ അതിന്റെ ആഘാതം വളരെ വലുതായിരിക്കും. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനേക്കാള്‍ ഉപരി യുദ്ധം പടരാന്‍ സാധ്യതയുള്ള മേഖല പശ്ചിമേഷ്യയാണ്. മറ്റുസ്ഥലങ്ങളില്‍ സംഘര്‍ഷത്തിന്റെ മാറ്റൊലി ഉണ്ടാകുന്നത് ഇതിനകം തന്നെ കണ്ടിരുന്നു. ലബനനില്‍നിന്നും ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രയേല്‍ സൈനികരെ ആക്രമിച്ചിരുന്നു. ലെബനന്‍, സിറിയ എന്നിവയുമായുള്ള ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി, വളരെ സെന്‍സിറ്റീവ് ആണ്. നിലവിലുള്ള സംഘര്‍ഷത്തെ ഒരു മതയുദ്ധമാക്കി മാറ്റാന്‍ ഈ പ്രദേശത്തെ ആക്രമണങ്ങള്‍ക്ക് സാധിച്ചേക്കും.

ഇന്ത്യ ആഭ്യന്തര ഉപഭോഗത്തിനായി ഏകദേശം 70-80 ശതമാനം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ സംഘര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പണപ്പെരുപ്പത്തിലൂടെയും കറന്റ് അക്കൗണ്ടിലൂടെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്താനുള്ള പ്രവണത നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് ഉണ്ടെന്നും ഇത് കറന്‍സി ദുര്‍ബലമാകാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇസ്രയേലിന്റെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, ചൈനയ്ക്കും ഹോങ്കോങ്ങിനും ശേഷം ഏഷ്യയിലെ മൂന്നാമത്തേതും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇസ്രായേലിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 840 കോടി ഡോളറിന്റേതായിരുന്നു. അതേസമയം ഇറക്കുമതി 230 കോടി ഡോളറിന്റേതും. 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിച്ചു.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം കഴിഞ്ഞ വര്‍ഷം റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തേക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.