23 April 2025 8:50 AM IST
Summary
- അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുക ആദ്യ ലക്ഷ്യം
- വാഷിംഗ്ടണില്‍ നടക്കുന്ന ചര്‍ച്ചകള്‍ മൂന്നുദിവസം നീണ്ടുനില്‍ക്കും
ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ ഇന്നുമുതല്‍ വാഷിംഗ്ടണില്‍ നടക്കും. ഏകദേശം 19 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടേംസ് ഓഫ് റഫറന്‍സുകളുള്ള കരാറിന്റെ കരടിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയാണ് ആദ്യ ലക്ഷ്യം. അതിനുശേഷമാകും ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുക.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര,സാമ്പത്തിക ബന്ധങ്ങള്‍ പരസ്പര പ്രയോജനപ്രദമായ രീതിയില്‍ വികസിക്കും. ഇന്ത്യയും യുഎസും അടുത്ത തന്ത്രപരമായ പങ്കാളികള്‍ മാത്രമല്ല, പരസ്പര പൂരക വിപണി സമ്പദ്വ്യവസ്ഥകളുമാണെന്നും വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള യഥാര്‍ത്ഥ സാധ്യതകളുമായി പൊരുത്തപ്പെടുന്നതിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്.
2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും യുഎസും ബിടിഎ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഇന്ത്യന്‍ സംഘത്തിനെ വാണിജ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ആണ് നയിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 90 ദിവസത്തെ താരിഫ് ഇളവ് കാലത്ത് ഇരു രാജ്യങ്ങള്‍ക്കും ഒരു ധാരണയിലെത്താന്‍ സാധിച്ചാല്‍ അത് വന്‍ വിജയമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതിനാല്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.