image

3 Nov 2026 5:21 PM IST

Europe and US

ട്രംപിന് ഇത് അഗ്നിപരീക്ഷ; അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്, ഉറ്റുനോക്കി ലോകം

MyFin Desk

ട്രംപിന് ഇത് അഗ്നിപരീക്ഷ; അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്, ഉറ്റുനോക്കി ലോകം
X

Summary

നിലവില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.


അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്ന 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് തുടക്കമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ ശേഷിക്കുന്ന രണ്ട് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്നത് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് ഈ വോട്ടെടുപ്പിന് ലഭിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

നവംബര്‍ 3ന് യുഎസ് പ്രാദേശിക സമയം രാവിലെ അഞ്ച് മണിക്ക് വെര്‍മോണ്ടിലാണ് ആദ്യ പോളിങ് ബൂത്തുകള്‍ തുറന്നത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള മറ്റ് സംസ്ഥാനങ്ങളിലും ഘട്ടംഘട്ടമായി വോട്ടെടുപ്പ് ആരംഭിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, മെയ്ന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. നേരത്തേ തന്നെ നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെര്‍മോണ്ടില്‍ മാത്രം ഏകദേശം 30 ശതമാനം വോട്ടര്‍മാര്‍ നേരത്തേ വോട്ട് ചെയ്തതായാണ് വിവരം.

കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കാകും?

അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും നിയമനിര്‍മാണ സഭകളിലേക്കും പ്രാദേശിക ഭരണസമിതികളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

നിലവില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ഈ ആധിപത്യം നിലനിര്‍ത്തുകയാണ് ട്രംപിന്റെ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. അതേസമയം, കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം.

ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ട്രംപ് ഭരണകൂടത്തിന് നിയമനിര്‍മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരും. സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളില്‍ അന്വേഷണം നടത്താനും ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യാനും ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങും.

ട്രംപിന് നിര്‍ണായക പരീക്ഷണം

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിന് ശേഷിക്കുന്ന ഭരണകാലം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്നതിന്റെ സൂചനയായും ഈ തെരഞ്ഞെടുപ്പിനെ കാണുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഇന്ധനവില, കുടിയേറ്റ നയം, ഇറക്കുമതി തീരുവകള്‍, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.

സില്‍വര്‍ ബുള്ളറ്റിന്‍ വെബ്‌സൈറ്റ് കണക്കുപ്രകാരം 2 വര്‍ഷം മുന്‍പ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ജനപ്രീതി 50% ത്തിലധികമായിരുന്നു. കഴിഞ്ഞമാസം നടത്തിയ സര്‍വേകളില്‍ ഇത് 37% ആയി ഇടിഞ്ഞു. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കന്‍ രാഷ്ട്രീയത്തിലെ ശക്തിബന്ധങ്ങളുടെ ഒഴുക്ക് എങ്ങോട്ടാണെന്നതും ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും. വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രാദേശിക സമയം വൈകുന്നേരം വോട്ടെണ്ണലിനും തുടക്കമാകും.

യുഎസ് തെരഞ്ഞെടുപ്പില്‍ ഫോസൈത് കൗണ്ടി കമ്മീഷണറായി ഇന്ത്യന്‍ വംശജ ശുചിത പട്ടേല്‍ മത്സരിക്കുന്നുണ്ട്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വംശീയാക്രമണങ്ങള്‍ക്കു വേദിയായിട്ടുള്ള മേഖലയാണ് ഫോസൈത് കൗണ്ടി. മേഖലയില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണു ശുചിത.

കോണ്‍ഗ്രസിന്റെ നിയന്ത്രണം മാറുമോ, റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം തുടരുമോ എന്നറിയാന്‍ അമേരിക്ക മാത്രമല്ല, ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.