image

25 Oct 2026 9:59 AM IST

NRI

സൗദിയില്‍ മിസൈല്‍ മഴയുമായി യെമന്‍ വിമതര്‍; വിമാനത്താവളങ്ങളും ലക്ഷ്യമിട്ടു

MyFin Desk

yemeni rebels rain missiles on saudi arabia, airports also targeted
X

Summary

മക്ക, മദീന മേഖലകളിലും ജിദ്ദ, തായിഫ്, റാബിഗ് എന്നിവിടങ്ങളിലും മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു


സൗദി അറേബ്യയില്‍ ആക്രമണം രൂക്ഷമാക്കി യെമന്‍ വിമതരായ ഹൂതികള്‍. രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. റിയാദ്, യാന്‍ബു, റാബിഗ് എന്നിവിടങ്ങളിലെ എണ്ണ-ഊര്‍ജ കേന്ദ്രങ്ങള്‍ക്കും വിവിധ വിമാനത്താവളങ്ങള്‍ക്കും നേരെയാണ് ആക്രമണം നടത്തിയത്.

എന്നാല്‍ യാന്‍ബുവിലേക്കും തായിഫിലേക്കും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. മക്ക, മദീന മേഖലകളിലും ജിദ്ദ, തായിഫ്, റാബിഗ് എന്നിവിടങ്ങളിലും മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്കയിലെ വാദി അല്‍ മുഗമ്മാസിലും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പത്ത് മിനിറ്റിനുശേഷം ഭീഷണി ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മക്കയെയും മദീനയെയും ലക്ഷ്യമിട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഹൂതികള്‍ നിഷേധിച്ചു.

അതേസമയം യെമന്റെ തെക്കന്‍ തുറമുഖ നഗരമായ ഏദനിലും ഹൂതി ആക്രമണമുണ്ടായി. ഏദനിലെ കോസ്റ്റ് ഗാര്‍ഡ് കേന്ദ്രങ്ങള്‍ക്കു നേരെ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ ആരോപിച്ചു. രണ്ട് മിസൈലുകള്‍ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തും മൂന്നാമത്തേത് തവാഹി ജില്ലയിലെ കെട്ടിടത്തിലുമാണ് പതിച്ചത്. അല്‍ നാസര്‍ ക്യാമ്പും ഏദനിലെ നാവിക താവളവും ലക്ഷ്യമിട്ടതായി ഹൂതികളും അവകാശപ്പെട്ടു.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പുതിയൊരു മുന്നണിയായി യെമന്‍ മാറുകയാണ്. 2022-ല്‍ യുഎന്‍ മധ്യസ്ഥതയില്‍ രൂപപ്പെട്ട ധാരണയെ തുടര്‍ന്ന് സൗദിയും ഹൂതികളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സംഘര്‍ഷം ശക്തമാകുകയാണ്. സൗദി വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനെതിരെ വിമാനക്കമ്പനികള്‍ക്ക് ഹൂതികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.