image

22 Nov 2025 11:06 AM IST

NRI

യുകെ കുടിയേറ്റം എളുപ്പമാകില്ല; സ്ഥിരതാമസത്തിന് 20 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും

MyFin Desk

യുകെ കുടിയേറ്റം എളുപ്പമാകില്ല; സ്ഥിരതാമസത്തിന്  20 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും
X

Summary

അനധികൃത കുടിയേറ്റം കുറയ്ക്കുകയാണ് ലക്ഷ്യം


യുകെ കുടിയേറ്റം ലക്ഷ്യമിടുന്നവർക്ക് കനത്ത തിരിച്ചടി. നിയമപരമായ കുടിയേറ്റക്കാര്‍ക്കും യുകെയില്‍ സ്ഥിരതാമസമാക്കാന്‍ അപേക്ഷിക്കുന്നതിന് 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാറാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. അനധികൃത കുടിയേറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. ക്രമരഹിതമായ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, നിയമപരമായി രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാകും പുതിയ നിയമമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മെഹ്‌മൂദ് പറഞ്ഞു. രാജ്യത്തിന് സാമ്പത്തികമായി സംഭാവന ചെയ്യുന്നവരെ നിയമം സംരക്ഷിക്കും.

2021 മുതല്‍ ബ്രിട്ടനിലെത്തിയ ഏകദേശം 20 ലക്ഷം കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമാണ്. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അഞ്ച് വര്‍ഷത്തിനുശേഷം സ്ഥിരതാമസമാക്കാനാകും. ഉയര്‍ന്ന വരുമാനക്കാര്‍ക്കും സംരംഭകര്‍ക്കും മൂന്ന് വര്‍ഷത്തിനകം സ്ഥിരതാമസമാക്കാം.

നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കും ഇനി 30 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. കുടിയേറ്റക്കാര്‍ക്കുള്ള സ്ഥിര താമസത്തിനുള്ള യോഗ്യതാ കാലയളവ് 10 വര്‍ഷം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിഷ്‌കാരം ഏപ്രില്‍ മുതല്‍ നടപ്പിലാക്കാനാണ് ആലോചന.

യുകെയിലേക്കുള്ള മൊത്തം കുടിയേറ്റത്തിലെ വര്‍ദ്ധനവ് കാരണം, 2026 നും 2030 നും ഇടയില്‍ ഏകദേശം 1.6 ദശലക്ഷം ആളുകള്‍ക്ക് നിയമപരമായി താമസാനുമതിക്ക് അര്‍ഹത ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.