20 Dec 2025 10:22 AM IST
India Oman Trade : ഇന്ത്യ-ഒമാൻ സഹകരണം; ലക്ഷ്യമിടുന്നത് ആഫ്രിക്കൻ വിപണിയും, ഏതൊക്കെ മേഖലകൾക്ക് നേട്ടമാകും?
MyFin Desk
Summary
ഇന്ത്യ ഒമാൻ സഹകരണം. ഏറ്റവുമധികം നേട്ടം ഏതൊക്കെ മേഖലകൾക്കാണ്?
യുഎഇക്ക് ശേഷം ഒരു ജിസിസി രാജ്യവുമായുള്ള രണ്ടാമത്തെ സാമ്പത്തിക കരാറാണ് ഇന്ത്യ ഒമാനുമായി ഒപ്പു വെച്ചത്. പശ്ചിമേഷ്യൻ വിപണിയിലേക്ക് ഇന്ത്യക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കുന്ന കരാർ ഇന്ത്യയിലെ നിരവധി കയറ്റുമതി മേഖലകൾക്ക് നേട്ടമാകും. മെഷിനറികൾ മറ്റ് എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ലെതർ തുടങ്ങിയ വിവിധ മേഖലകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മിക്ക ഉൽപ്പന്നങ്ങൾക്കും നികുതി ഇല്ലാത്തത് ഇന്ത്യൻ നിർമ്മാതാക്കൾക്ക് ആശ്വാസമാണ്. എന്നാൽ ഇതിനുമപ്പുറത്തേക്ക് കയറ്റുമതി സാധ്യതകൾ വിപുലീകരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കരാർ.
2024-25 ൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം 1000 കോടി ഡോളർ കവിഞ്ഞിരുന്നു. പുതിയ കരാർ സാമ്പത്തിക സഹകരണം ശക്തമാക്കും. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് കയറ്റുമതി ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 200 കോടി ഡോളറിൽ നിന്ന് 600 കോടി ഡോളറായി ഉയർന്നിരുന്നു. ഉഭയകക്ഷി വ്യാപാരം കുതിച്ചുയരാൻ പുതിയ കരാർ സഹായകരമാകും. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഉദാരമായ വിസ വ്യവസ്ഥകളും ഇരു രാജ്യങ്ങളും അനുവദിക്കുകയാണ്. സേവന മേഖലക്കും ഏറെ ഗുണകരമാണ് കരാർ.
മറ്റ് വിപണികളിലേക്കുള്ള എളുപ്പ വഴി
ഒമാനുമായുള്ള കരാർ മറ്റ് വിപണികൾ കണ്ടെത്തുന്നതിനും ഇന്ത്യയ്ക്ക് സഹായകരമാകും. പ്രാഥമികമായി ഒരു ഉഭയകക്ഷി കരാർ മാത്രമാണെങ്കിലും യുഎസിനപ്പുറത്തേക്കുള്ള കയറ്റുമതി സാധ്യതകൾ തേടാൻ ഇന്ത്യ ശ്രമിക്കുകയാണ്. ആഫ്രിക്കയിലേക്കുള്ള ഇന്ത്യൻ ബിസിനസുകൾക്കും ഒമാനുമായുള്ള കരാർ നേട്ടമാകും.
ഇന്ത്യയുടെ പശ്ചിമേഷ്യയിലെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമായി ഒമാനെ മാറ്റാൻ സാഹായിക്കുന്ന വ്യവസ്ഥകളുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തീരുവ ഇല്ലാതെ ഒമാനി തുറമുഖങ്ങളിലേക്ക് കയറ്റുമതി ചെയ്ത ശേഷം ഈ തുറമുഖങ്ങളിൽ നിന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ വീണ്ടും കയറ്റുമതി ചെയ്യാൻ കഴിയുന്നത് കമ്പനികളുടെ ഗതാഗത ചെലവും സമയവും കുറയ്ക്കും. കമ്പനികൾക്ക് 100 ശതമാനം വിദേശ നിക്ഷേപത്തിൽ ഒമാനിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാകും എന്ന വ്യവസ്ഥയുമുണ്ട്.
ഏതൊക്കെ മേഖലകൾക്ക് നേട്ടമാകും?
തീരുവ ഒഴിവാക്കുന്നത് രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്പോർട്സ് വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചർ, കാർഷിക ഉൽപ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ യന്ത്ര സാമഗ്രികൾ, അരി, ഇരുമ്പ്- ഉരുക്ക് വസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, സെറാമിക് ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു.ഇനി 99 ശതമാനം ഉൽപ്പന്നങ്ങൾക്കും നികുതി നൽകേണ്ടതില്ല.
ഒമാനിൽ നിന്ന് പ്രധാനമായും അസംസ്കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതകം, വളങ്ങൾ, മീഥൈൽ ആൽക്കഹോൾ, പെട്രോളിയം കോക്ക് എന്നിവയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് ഈ ഇനങ്ങൾ നിർണായകവുമാണ്. ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, ബിസിനസ്, പ്രൊഫഷണൽ സേവനങ്ങൾ, ഗവേഷണ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെ സേവന മേഖലയിലും ഇനി കമ്പനികൾക്ക് കൂടുതൽ അവസരം ലഭിക്കും. ഒമാനിലെ പ്രധാന സേവന മേഖലകളിലും ഇന്ത്യൻ കമ്പനികളുടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതും ശ്രദ്ധേയമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
