image

20 Dec 2023 11:16 AM IST

NRI

പ്രവാസി പണംവരവില്‍ മുന്നില്‍ ഇന്ത്യ; വരവില്‍ കൂടുതലും യുഎഇ-യില്‍ നിന്ന്

MyFin Desk

india leads in expatriate remittances, most arrivals from uae
X

Summary

  • 2023ല്‍ ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ 12.4% വര്‍ധന
  • പ്രവാസി പണം സ്വീകരിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് മെക്‌സിക്കോ
  • ക്ഷിണേഷ്യയിലെ മൊത്തം പണമയയ്ക്കലിൽ ഇന്ത്യയുടെ പങ്ക് 66%


2023-ൽ വിദേശത്തു നിന്ന് അയക്കപ്പെട്ട പണത്തില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തിയത് ഇന്ത്യ. ഉഭയകക്ഷി വ്യാപാരത്തിനായി ദിർഹത്തിന്റെയും രൂപയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയുമായി ഉണ്ടാക്കിയ കരാർ ഉൾപ്പടെയുള്ള നിരവധി ഘടകങ്ങള്‍ ഇന്ത്യയിലേക്കുള്ള പ്രവാസി പണമയക്കല്‍ ഉയര്‍ത്തിയെന്ന് ലോകബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലേക്കുള്ള പണമയക്കല്‍ ഈ വര്‍ഷം 125 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

ജിസിസിയില്‍ നിന്നു വരുന്ന പണമാണ് ഇന്ത്യയിലേക്കുള്ള പണംവരവില്‍ പ്രധാനം. ഈ വര്‍ഷം ഇന്ത്യയിലേക്ക് എത്തിയ പണത്തിന്‍റെ 18 ശതമാനം യുഎഇയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് യുഎസ് ആണ്.

2022ല്‍ 24.4 ശതമാനം എന്ന റെക്കോഡ് നിലയിലാണ് ഇന്ത്യയിലേക്കുള്ള പണമയക്കല്‍ വളര്‍ന്നത്. എന്നാല്‍ 2023ൽ 12.4 ശതമാനമായി ഇത് കുറയുമെന്ന് ലോക ബാങ്ക് നിരീക്ഷിക്കുന്നു. ദക്ഷിണേഷ്യയിലെ മൊത്തം പണമയയ്ക്കലിൽ ഇന്ത്യയുടെ പങ്ക് 2023 ൽ 66 ശതമാനമായി വർധിക്കും, 2022ൽ ഇത് 63 ശതമാനം ആയിരുന്നുവെന്നും ലോക ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെക്‌സിക്കോ (67 ബില്യൺ യുഎസ് ഡോളർ), ചൈന (50 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (40 ബില്യൺ യുഎസ് ഡോളർ), ഈജിപ്ത് (24 ബില്യൺ യുഎസ് ഡോളർ) എന്നീ രാജ്യങ്ങളാണ് വിദേശത്തു നിന്നുള്ള പണമയക്കലില്‍ ഇന്ത്യക്ക് പിന്നാലെയുള്ളത്.

പണപ്പെരുപ്പം കുറയുന്നതും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ശക്തമായ തൊഴിൽ വിപണിയും ഇന്ത്യയിലേക്കുള്ള പണമയക്കല്‍ ഉയരാന്‍ ഇടയാക്കി. ഈ സാഹചര്യങ്ങള്‍ യുഎസിലെയും യുകെയിലെയും സിംഗപ്പൂരിലെയും ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരുടെ പണമയക്കല്‍ വർധിപ്പിച്ചു. ഇന്ത്യയിലേക്കുള്ള പണമയക്കലിന്‍റെ 36 ശതമാനം ഈ രാഷ്ട്രങ്ങളില്‍ നിന്നാണ്.

ആഗോള പണപ്പെരുപ്പവും കുറഞ്ഞ വളർച്ചാ സാധ്യതകളും കണക്കിലെടുക്കുമ്പോള്‍ 2024ൽ കുടിയേറ്റ ജനതയുടെ യഥാർത്ഥ വരുമാനം കുറയാനുള്ള സാധ്യത ആശങ്കാജനകണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.