28 Dec 2025 5:42 PM IST
Summary
ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അടക്കം യുഎസില്‍ ഉള്ളവര്‍ക്കും യുഎസിലേക്ക് വരുന്നവര്‍ക്കും പുതിയ നിയമം ബാധകമാണ്
അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമപ്രകാരമുള്ള നിര്‍ബന്ധിത ബയോമെട്രിക് പരിശോധന ഡിസംബര്‍ 26 മുതല്‍ ആരംഭിച്ചു. യുഎസ് അതിര്‍ത്തി കടന്നെത്തുന്ന യുഎസ് പൗരന്മാര്‍ ഒഴികെയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഓരോ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും എത്തുന്ന യാത്രക്കാരുടെ ഫോട്ടോയെടുക്കുന്നതാണ് പരിശോധന. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമായിരുന്ന ബയോമെട്രിക് ശേഖരണം ഉണ്ടായിരുന്നത്. പുതിയ നിയമം ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അടക്കം യുഎസില്‍ ഉള്ളവര്‍ക്കും യുഎസിലേക്ക് വരുന്നവര്‍ക്കും ബാധകമാണ്. വിമാനത്താവളങ്ങള്‍, കര അതിര്‍ത്തികള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലൂടെ യുഎസിലേക്ക് പ്രവേശിക്കുന്നവരെയും മടങ്ങുന്നവരെയും ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കും.
ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് യുഎസിലേക്ക് കടക്കുമ്പോഴെല്ലാം ബയോമെട്രിക് പരിശോധന, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍, ട്രാവല്‍ ഹിസ്റ്ററിയുടെ സൂക്ഷ്മ പരിശോധന എന്നിവ നേരിടേണ്ടിവരും. അഫ്ഗാനിസ്താന്‍, ഹെയ്തി, ഇറാന്‍, സൊമാലിയ, സുഡാന്‍, വെനസ്വേല, യെമന്‍ തുടങ്ങിയ 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ പരിശോധനയുണ്ടാകും. നയതന്ത്ര പ്രതിനിധികളും പുതിയ പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
പുതിയ പരിശോധനയുടെ ലക്ഷ്യമെന്ത്?
ദേശീയ സുരക്ഷ ശക്തമാക്കുക, കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആണ് പുതിയ പരിശോധനകള്‍ ഏര്‍പ്പെടുത്തിയത്. പരിശോധനയില്‍ ശേഖരിക്കുന്ന ചിത്രങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ബയോമെട്രിക് ഐഡന്റിറ്റി മാനേജ്മെന്റ് സിസ്റ്റത്തില്‍ ചേര്‍ക്കും. 75 വര്‍ഷം വരെ ഫോട്ടോകള്‍ സൂക്ഷിക്കാനുള്ള സൗകൗര്യമാണ് ഒരുക്കിയിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
