image

17 April 2024 6:41 AM GMT

Middle East

മഴ കനത്തു : യുഎഇയിൽ റെഡ് അലർട്ട്, വിമാനങ്ങൾ റദ്ദാക്കി

MyFin Desk

മഴ കനത്തു : യുഎഇയിൽ റെഡ് അലർട്ട്, വിമാനങ്ങൾ റദ്ദാക്കി
X

Summary

  • കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
  • കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് യുഎഇയിൽ രേഖപ്പെടുത്തിയത്
  • കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്


യുഎഇയിൽ കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ദേശവ്യാപകമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് (എൻസിഎം) ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏറ്റവും രൂക്ഷമായ കാലാവസ്ഥ വ്യതിയാനം വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. രാജ്യത്തുടനീളം കാലാവസ്ഥ മോശമായതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തിങ്കൾ രാത്രി മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം കനത്ത മഴ പെയ്യ്തു. ബുധൻ വരെ യുഎഇയെ ഇതേ കാലാവസ്ഥ തുടരും എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കാലാവസ്ഥ വഷളാകുന്നതിനെ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസുകൾ നടത്തും. സ്വകാര്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരകൾ തകരുകയും, കെട്ടിടങ്ങളിൽ വെള്ളം കയറുകയും ചെയ്തു. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ നശിച്ചു.

അതെ സമയം, ദുബായിലെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കി. ദുബായ് ടെർമിനലുകളിലെ സാങ്കേതിക തകരാർ കാരണം സർവീസുകൾ നിർത്തിവച്ചതാണ് കാരണം. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രേഖപ്പെടുത്തിയത്. അടുത്തിടെ, റൺവേയിൽ വെള്ളം കയറിയതിനാൽ ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായിലെ പല മെട്രോ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. യുഎഇ എക്സ്ചേഞ്ചിൽ നിന്ന് ഇൻ്റർനെറ്റ് സിറ്റിയിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവച്ചതായി ആർടിഎ അറിയിച്ചു.