image

18 May 2023 6:27 AM GMT

Middle East

കമോണ്‍ കേരള: നിക്ഷേപക ഉച്ചകോടി ഇന്ന് ഷാര്‍ജയില്‍: വൈവിധ്യങ്ങളോടെ 'മൈഫിന്‍ പോയന്റ്' സ്റ്റാളും

MyFin Desk

come on kerala expo
X

Summary

  • ഇന്ത്യയിലെയും യുഎഇയിലെയും നിക്ഷേപകര്‍ പങ്കെടുക്കും
  • യുഎഇയിലെയും കേരളത്തിലെയും നിക്ഷേപക സാദ്ധ്യതകൾ അറിയാം
  • വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള ക്വിസ് പ്രോഗ്രാം മൈഫിന്‍ സ്റ്റാളില്‍ നടക്കും


ദുബൈ: ഗള്‍ഫ് മാധ്യമത്തിന്റെ കമോണ്‍ കേരള മേളയ്ക്ക് മുന്നോടിയായി നടക്കുന്ന നിക്ഷേപക ഉച്ചകോടി ഇന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സില്‍ നടക്കും. ഇന്ത്യയിലെയും യുഎഇയിലെയും നിക്ഷേപകര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. രാവിലെ 10ന് ഷാര്‍ജ ചേംബര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ വാലിദ് അബ്ദുല്‍ റഹ്‌മാന്‍ ബുകാതിര്‍, കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡയറക്ടര്‍ ശൈഖ് സാലിം മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

യുഎഇയിലെയും കേരളത്തിലെയും നിക്ഷേപക സാധ്യതകളിലേക്ക് വഴികാണിക്കുന്ന സംഗമത്തില്‍ സംരംഭക മേഖലയില്‍ വിജയം കുറിച്ചവരും നിക്ഷേപക വിദഗ്ധരും സംസാരിക്കും. മേഖലയിലെ വെല്ലുവിളികള്‍, പുതിയ ട്രെന്‍ഡ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സുരക്ഷിത നിക്ഷേപം എന്നിവയെ കുറിച്ച് ഉപദേശ, നിര്‍ദേശങ്ങള്‍ ഇവിടെ ലഭ്യമാക്കും. യുഎഇയില്‍ ജൂണ്‍ മുതല്‍ നടപ്പാക്കുന്ന കോര്‍പറേറ്റ് ടാക്സ്, കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഇന്ത്യ-യുഎഇ സെപ കരാര്‍, ടൂറിസം നിക്ഷേപം, സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മിത ബുദ്ധി എന്നിവയെ കുറിച്ച് പാനല്‍ ചര്‍ച്ചകള്‍ നടക്കും.

കേരള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷും ചര്‍ച്ചകളില്‍ പങ്കെടുക്കും. കമോണ്‍ കേരളയുടെ ഉദ്ഘാടനം വെള്ളി വൈകുന്നേരം നാലിന് ഷാര്‍ജ ഡിപാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ശൈഖ് ഫാഹിം ബിന്‍ സുല്‍ത്തന്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി നിര്‍വഹിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

'കമോണ്‍ കേരളയില്‍' പ്രവാസികള്‍ക്കുള്ള സമ്പൂര്‍ണ സാമ്പത്തിക വിവരങ്ങളും വാര്‍ത്തകളും നല്‍കാനായി മൈഫിന്‍ പോയിന്റിന്റെ സ്റ്റാളുമുണ്ടാവും. മലയാളത്തിലും ഇംഗ്ലീഷിലും സാമ്പത്തിക വാര്‍ത്തകളും വിവരങ്ങളും വിശകലനങ്ങളും സമഗ്രമായി നല്‍കുന്ന നവമാധ്യമമാണ് മൈഫിന്‍ പോയിന്റ്. മലയാളത്തിലെ ആദ്യ ബിസിനസ് ചാനലാവാനുള്ള ഒരുക്കത്തിലാണിപ്പോള്‍ മൈഫിന്‍.

മൈഫിന്‍ സ്റ്റാളില്‍ സ്റ്റോക്ക്, നിക്ഷേപം, ബിസിനസ്, സമ്പാദ്യം, സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള ക്വിസ് പ്രോഗ്രാം നടക്കും. ഒരോ മണിക്കൂര്‍ ഇടവിട്ട് ചോദ്യങ്ങള്‍ മാറും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ മുപ്പതോളെം പേര്‍ക്ക് മികച്ച സമ്മാനങ്ങള്‍ നല്‍കും. സാമ്പത്തിക സാക്ഷരത കൈവരിക്കുക, ജനങ്ങളെ സാമ്പത്തിക വിഷയങ്ങളില്‍ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് മൈഫിൻ പോയിന്റ്. സ്റ്റാള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ക്വിസ് പ്രോഗ്രാമില്‍ പങ്കാളികളാവാം.

ഗള്‍ഫ് മാധ്യമം കമോണ്‍ കേരള പരിപാടിയുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ മിഠായിത്തെരുവ് ഒരുക്കി. കോഴിക്കോട്ടെ മിഠായിത്തെരുവാണ് ഷാര്‍ജയില്‍ പുനഃസൃഷ്ടിച്ചത്. കലാസംവിധായകന്‍ ബാവയുടെ നേതൃത്വത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മിഠായി തെരുവിന്റെ പകര്‍പ്പുള്ളത്. ഓട്ടോ മുതല്‍ ഉപ്പിലിട്ടത് വരെയൊരുക്കി മിഠായിത്തെരുവിന്റെ മുഴുവന്‍ അനുഭവങ്ങളും പ്രവാസികള്‍ക്കായി നല്‍കുകയാണ് ഇവിടം.