27 Dec 2025 10:15 AM IST
Summary
പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കാന്‍ 'ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി' ആരംഭിച്ച് ഭരണകൂടം.
പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായ് നഗരം ഒരുങ്ങി കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരം ആഘോഷിക്കാനായി ഇത്തവണ എത്തുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കാന്‍ 'ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി' ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഡൗണ്ടൗണ്‍ ദുബായ് കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഡിസംബര്‍ 31 ന് വൈകുന്നേരം മുതല്‍ വിവിധ റോഡുകള്‍ ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് ആര്‍ടിഎയും പ്രഖ്യാപിച്ചു.
നഗരത്തിലുടനീളം 40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് പ്രദര്‍ശനങ്ങളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ സുരക്ഷയ്ക്കായി ദുബായ് പോലീസ് ഏകദേശം 10,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്. കൂടാതെ 600 ലധികം പട്രോളിംഗ് വാഹനങ്ങളും റെസ്‌ക്യൂ ബോട്ടുകളും സമുദ്ര തീരദേശ മേഖലകളില്‍ സുരക്ഷയ്ക്കായി ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒപ്പം 1,700 ഓളം ഉദ്യോഗസ്ഥരും 165 അഗ്‌നിശമന വാഹനങ്ങളും 236 ആംബുലന്‍സുകളും 600 ലധികം പാരാമെഡിക്കല്‍ ജീവനക്കാരും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ പോയിന്റുകളില്‍ സജ്ജമാകും.
ട്രാഫിക് നിയന്ത്രണം
അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ് എന്നിവ വൈകുന്നേരം 4 മണി മുതല്‍ അടയ്ക്കും. കൂടാതെ ഷെയ്ഖ് സായിദ് റോഡും ഭാഗികമായി അടയ്ക്കാനാണ് തീരുമാനം. വാഹനങ്ങളുമായെത്തുന്നവര്‍ വൈകുന്നേരം 4 മണിക്ക് മുന്‍പായി പാര്‍ക്കിംഗുകളില്‍ എത്താന്‍ ശ്രമിക്കണമെന്നും അറിയിച്ചു.
റോഡ് ഗതാഗതത്തിലെ തിരക്ക് ഒഴിവാക്കാന്‍ ദുബായ് മെട്രോയും ബസുകളും പരമാവധി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.
പുതുവത്സര ആഘോഷം പ്രമാണിച്ച് 107 ട്രെയിനുകള്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തും. 1,300 പൊതു ബസുകളും 14,000 ടാക്‌സികളും ആഘോഷ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തും. ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ടിന് പുറമെ പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, ഗ്ലോബല്‍ വില്ലേജ്, എക്‌സ്‌പോ സിറ്റി, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലും വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉണ്ടാകും. അതിനാല്‍ ആഘോഷങ്ങള്‍ക്കായി എത്തുന്നവര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും യുഎഇയിലെ അധികൃതര്‍ അഭ്യര്‍ഥിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
