image

20 Oct 2026 1:56 PM IST

Middle East

ദുബായിൽ യാത്ര ഭൂമിക്കടിയിലൂടെ! പ്രവാസ ജീവിതം ഇനി കൂടുതൽ അടിപൊളി

Amritha Elizabeth Abraham

travel underground in dubai, expat life is about to get even more exciting
X

പൊതുഗതാഗത സംവിധാനങ്ങളിൽ എക്കാലത്തും ലോകത്തിന് മുന്നിൽ വിസ്മയം തീർത്തിട്ടുള്ള ദുബായ് നഗരം ഇപ്പോൾ ഭൂമിക്കടിയിലൂടെയുള്ള വലിയൊരു ഗതാഗത വിപ്ലവത്തിന് ഒരുങ്ങുകയാണ്. നഗരത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയും റോഡുകളിലെ കനത്ത തിരക്കും കണക്കിലെടുത്ത് ഭൂഗർഭതലം, ഉപരിതലതലം, ആകാശതലം എന്നിങ്ങനെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ത്രിമാന ഗതാഗത ശൃംഖലയാണ് അധികൃതർ വിഭാവനം ചെയ്യുന്നത്. തിരക്കേറിയ റോഡുകൾക്കടിയിലൂടെ ചരക്കുകളും മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ, മിനിറ്റുകൾക്കുള്ളിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പറക്കുന്ന ടാക്സികളും ആകാശത്തിലൂടെ കുതിക്കും. ദുബായിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറം 2026-ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ ആണ് ഈ ദീർഘകാല പദ്ധതി അവതരിപ്പിച്ചത്.

ദുബായ് ലൂപ്പും കോടികളുടെ പുതിയ മെട്രോ പദ്ധതികളും

ദുബായ് ലൂപ്പ്, ദുബായ് മെട്രോ ബ്ലൂ ലൈൻ, പുതുതായി പ്രഖ്യാപിച്ച 3,400 കോടി ദിർഹം (ഏകദേശം 77,000 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവ് വരുന്ന ദുബായ് മെട്രോ ഗോൾഡൻ ലൈൻ തുടങ്ങിയ വമ്പൻ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് പുതിയ ഭൂഗർഭ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പ്രമുഖ നിർമ്മാണ സ്ഥാപനമായ ദി ബോറിംഗ് കമ്പനിയും തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിക്കുന്ന തുരങ്ക ഗതാഗത സംവിധാനമാണ് ദുബായ് ലൂപ്പ്. തിരക്കേറിയ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് ഭൂഗർഭ തുരങ്കങ്ങളിലൂടെ യാത്രക്കാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇതിലൂടെ സാധിക്കും. ഗതാഗത സംവിധാനങ്ങൾ ഭൂമിക്കടിയിലേക്ക് മാറുന്നതോടെ ഉപരിതലത്തിലെ റോഡുകളിൽ കാൽനട യാത്രക്കാർക്കുള്ള നടപ്പാതകൾ, സൈക്കിൾ പാതകൾ, മറ്റ് വാണിജ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ വികസിപ്പിക്കാൻ അവസരം ലഭിക്കും.

അതിവേഗം വളരുന്ന നഗരവും കണക്കുകളും

നിലവിൽ പകൽ സമയങ്ങളിൽ മാത്രം 60 ലക്ഷത്തിലധികം ആളുകളാണ് ദുബായ് നഗരത്തിൽ സഞ്ചരിക്കുന്നത്. 2040 ആകുമ്പോഴേക്കും ഈ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ദുബായിലെ റോഡുകളിലൂടെ പ്രതിദിനം 1.1 കോടിയിലധികം യാത്രകളാണ് നടക്കുന്നത്. അതായത് ഒരു മിനിറ്റിൽ ശരാശരി 7,000 യാത്രകൾ വീതം റോഡുകളിൽ നടക്കുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് താമസക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ ഈ പുതിയ ഭൂഗർഭ ഗതാഗത ശൃംഖല വലിയ രീതിയിൽ സഹായിക്കും. നിലവിൽ പ്രാഥമിക പഠനഘട്ടത്തിലുള്ള ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആഗോള വ്യാപാര-സാമ്പത്തിക മേഖലകളിൽ ദുബായുടെ കരുത്ത് ഇരട്ടിക്കുമെന്നാണ് വിലയിരുത്തൽ.