image

21 Nov 2026 12:35 PM IST

Middle East

സൗദിയില്‍ ഹൂതി ആക്രമണ ഭീഷണി; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

MyFin Desk

threat of houthi attacks in Saudi Arabia, indian flight services cancelled en masse
X

Summary

സൗദി അറേബ്യയില്‍ സംഘര്‍ഷഭീതി ശക്തമാകുന്നു. വരും മണിക്കൂറുകളില്‍ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്ന ഹൂതി വിമതരുടെ മുന്നറിയിപ്പിന് പിന്നാലെ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യന്‍ വിമാനക്കമ്പനികള്‍.


സൗദി അറേബ്യയില്‍ സംഘര്‍ഷഭീതി ശക്തമാകുന്നു. വരും മണിക്കൂറുകളില്‍ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്ന ഹൂതി വിമതരുടെ മുന്നറിയിപ്പിന് പിന്നാലെ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. സൗദിയുടെ തുറമുഖങ്ങള്‍, വൈദ്യുതിനിലയങ്ങള്‍, പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികള്‍ ആകാശപാത ഒഴിവാക്കണമെന്നും ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നല്‍കി.

യെമനിലെ സാദ, മോഖ മേഖലകളിലെ വൈദ്യുതിനിലയങ്ങള്‍ക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് പുതിയ ഭീഷണി. സൗദിയിലെ ഷുഖൈഖ് വൈദ്യുതിനിലയം, ജിദ്ദ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍, റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിവയാണ് ഹൂതികളുടെ ലക്ഷ്യപട്ടികയിലുള്ളത്. റിയാദിലെ ഫിനാന്‍ഷ്യല്‍ സെന്ററില്‍നിന്ന് ജീവനക്കാരോടും ജനങ്ങളോടും ഒഴിഞ്ഞുപോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാനങ്ങള്‍ റദ്ദാക്കി

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 30 വരെയും ജിദ്ദ സര്‍വീസുകള്‍ നവംബര്‍ 24 വരെയും റദ്ദാക്കി. ഇന്‍ഡിഗോ സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നവംബര്‍ 30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാനോ മുഴുവന്‍ തുകയും റീഫണ്ട് നേടാനോ അവസരമുണ്ട്.

അതേസമയം, യെമനിലെ ഹൊദെയ്ദ തുറമുഖത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. ഹൂതികള്‍ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താന്‍ തുറമുഖം ഉപയോഗിക്കുന്നുവെന്നാണ് സഖ്യസേനയുടെ ആരോപണം. സനാ, സാദ, തായിസ് മേഖലകളിലും ആക്രമണം തുടരുകയാണ്.

മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള യാത്രകള്‍ക്കും വിമാന സര്‍വീസുകള്‍ക്കും അനിശ്ചിതത്വം തുടരുകയാണ്.