image

25 April 2024 6:47 AM GMT

Middle East

സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കുതിച്ചുയരുന്നു;ജിസിസിയിലെ ഫിന്‍ടെക് കമ്പനികളില്‍ 60 % ദുബായില്‍

MyFin Desk

സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കുതിച്ചുയരുന്നു;ജിസിസിയിലെ ഫിന്‍ടെക് കമ്പനികളില്‍ 60 % ദുബായില്‍
X

Summary

  • 15.5 ബില്യണ്‍ ഡോളറിന്റെ 800 ലധികം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളാണ് മേന മേഖലയിലുള്ളത്
  • ഫിന്‍ടെക് ഉച്ചകോടി മെയ് 6 മുതല്‍ മെയ് 7വരെ
  • ഫിന്‍ടെക് ഉച്ചകോടിയുടെ പ്രധാന ഹൈലൈറ്റ് ഫിന്‍ടെക് ലോകകപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ ആയിരിക്കും


ജിസിസിയിലെ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളില്‍ 60 ശതമാനവും ദുബായിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിഐഎഫ്‌സി ഇന്നൊവേഷന്‍ ഹബ് സിഇഒ മുഹമ്മദ് അല്‍ബ്ലൂഷി പറഞ്ഞു. ദുബായ് ഫിന്‍ടെക് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് പ്രഖ്യാപിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേന മേഖലയിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പും വെഞ്ച്വര്‍ ക്യാപിറ്റല്‍ ലാന്‍ഡ്‌സ്‌കേപ്പും കുതിച്ചുയരുകയാണ്. 15.5 ബില്യണ്‍ ഡോളറിന്റെ 800 ലധികം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളാണ് മേന മേഖലയിലുള്ളതെന്ന് ഡീല്‍റൂം ഡോട്ട്‌കോം കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്റ് അഡൈ്വസറി സ്ഥാപനമായ മൊര്‍ഡോര്‍ ഇന്റലിജന്‍സിന്റെ അഭിപ്രായത്തില്‍, ആഗോള ഫിന്‍ടെക് മേഖലയുടെ മൂല്യം 2029-ഓടെ 608 ബില്യണ്‍ ഡോളറാകുമെന്ന് പ്രവചിക്കപ്പെടുന്നു. ആഗോള വിപണിയിലെ താഴേയ്ക്കുള്ള പ്രവണതയെ പിന്തുടര്‍ന്ന്, 2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ മേന ഫിന്‍ടെക് മാര്‍ക്കറ്റ് എട്ട് ശതമാനത്തിലധികം സിഎജിആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍,നിക്ഷേപകര്‍,വ്യവസായ പ്രമുഖര്‍ എന്നിവരെ മേഖലയിലും പുറത്തും വളരുന്ന വിപണിയുമായി ബന്ധിപ്പിക്കാന്‍ രണ്ട് ദിവസത്തെ ഉച്ചകോടി സഹായകകരമാകും. വ്യവസായം അഭൂതപൂര്‍വമായ നിരക്കില്‍ വളരുന്ന സാഹചര്യത്തില്‍ മുന്നിലുള്ള വെല്ലുവിളികളെയും അവസരങ്ങളേയും കുറിച്ച് പങ്കാളികള്‍ ഒത്തുചേരുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതാണ്. മെയ് 6 മുതല്‍ മെയ് 7വരെയാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ഡിഐഎഫ്‌സി) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 8000 ലധികം ഡിസിഷന്‍ മേക്കേഴ്‌സും 300 സ്പീക്കര്‍മാരും 200 ലധികം എക്‌സിബിറ്റേഴ്‌സും ഇതില്‍ പങ്കെടുക്കും.

2023 ല്‍ ഉദ്ഘാടനം ചെയ്ത ഫിന്‍ടെക് ഉച്ചകോടിയില്‍ 90 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 5000 ത്തിലധികം സി-സ്യൂട്ട് ലീഡേഴ്‌സും 1000 ത്തിലധികം നിക്ഷേപകരും 150 ലധികം സ്പീക്കേഴ്‌സും പങ്കെടുത്തു. ആഗോള സാമ്പത്തിക നേതാക്കളുമായി ഇരുപതിലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. യുഎഇയിലെ ഡിഐഎഫ്സി ഗവര്‍ണര്‍ കാസിം ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ 20-ലധികം ഗവര്‍ണര്‍മാരും ആഗോള എക്സിക്യൂട്ടീവുകളും ഈ വര്‍ഷം ഉച്ചകോടിയില്‍ പങ്കെടുക്കും. നാസ്ഡാക്ക് ഇന്‍ക് ചെയര്‍മാനും സിഇഒയുമായ അഡെന ഫ്രീഡ്മാന്‍; നിക് ഡ്രെക്മാന്‍, ബാങ്ക് ജൂലിയസ് ബെയര്‍ & കമ്പനിയുടെ സിഇഒ; യി-ഹ്സിന്‍ ഹംഗ്, സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസര്‍മാരുടെ പ്രസിഡന്റും സിഇഒയും; കൂടാതെ മറ്റ് നിരവധി ആഗോള വ്യവസായ പ്രമുഖര്‍ക്കൊപ്പം ബാങ്ക് ഓഫ് അമേരിക്കയിലെ ഗ്ലോബല്‍ മാര്‍ക്കറ്റ്സിന്റെ പ്രസിഡന്റ് ജിം ഡെമറെയും പങ്കെടുക്കും.

ദുബായ് ഫിന്‍ടെക് ഉച്ചകോടിയുടെ പ്രധാന ഹൈലൈറ്റ് ഫിന്‍ടെക് ലോകകപ്പിന്റെ (എഫ്ഡബ്ല്യുസി) ഗ്രാന്‍ഡ് ഫിനാലെ ആയിരിക്കും. ഫിന്‍ടെക് ലോകകപ്പിന്റെ ചാമ്പ്യന്മാരെ ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രഖ്യാപിക്കും. വിജയികള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ലഭിക്കും.