image

24 April 2024 11:52 AM GMT

Middle East

സൗദിയിൽ 2030 ഓടെ പുതിയതായി 3,20,000 ഹോട്ടല്‍ മുറികള്‍ കൂടി

MyFin Desk

320,000 new hotel rooms in saudi arabia by 2030
X

Summary

  • പുതിയ ഹോട്ടല്‍ മുറികളില്‍ 66 ശതമാനം ആഡംബര,അപ്പര്‍ സ്‌കെയില്‍,അപ്‌സ്‌കെയില്‍ വിഭാഗങ്ങളിലുള്ളതായിരിക്കും
  • 2025 ഓടെ ഏകദേശം 30 ദശലക്ഷം പേര്‍ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷ
  • 2030 ല്‍ റിയാദില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ 40 ദശലക്ഷം സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷ


ആഭ്യന്തര,അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതികളുമായി സൗദി അറേബ്യ മുന്നോട്ട്. ടൂറിസം കേന്ദ്രീകൃതമായ പദ്ധതികള്‍ക്കെല്ലാം തന്നെ ഹോട്ടല്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ 2030 ഓടെ രാജ്യത്ത് 3,20,000 പുതിയ ഹോട്ടല്‍ മുറികള്‍ പണികഴിപ്പിക്കുമെന്നാണ് കണ്‍സള്‍ട്ടന്‍സി നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദശാബ്ദത്തിന്റെ അവസാനത്തോടെ 150 ദശലക്ഷം ആഭ്യന്തര,അന്തര്‍ദേശീയ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതിനാല്‍ സൗദി വിപണിക്ക് ഹോട്ടല്‍ മുറികള്‍ കൂടുതല്‍ ആവശ്യമായി വരും. പുതിയ ഹോട്ടല്‍ മുറികളില്‍ 66 ശതമാനം ആഡംബര,അപ്പര്‍ സ്‌കെയില്‍,അപ്‌സ്‌കെയില്‍ വിഭാഗങ്ങളിലുള്ളതായിരിക്കും. 2030 ഓടെ ആഡംബര മുറികള്‍ 72 ശതമാനമായി വര്‍ദ്ധിപ്പിക്കും. ഇത് 2,51,500 ഹോട്ടല്‍ മുറികള്‍ക്ക് തുല്യമാകും.

2023 അവസാനത്തോടെ ഏകദേശം 100 ദശലക്ഷം ആഭ്യന്തര,അന്തര്‍ദേശീയ വിനോദസഞ്ചാരികളാണ് സൗദിയിലെത്തിയത്. ടൂറിസം,ഹോസ്പിറ്റാലിറ്റി മേഖല ജിഡിപിയുടെ ഏകദേശം 6 ശതമാനം സംഭാവന ചെയ്യുന്നു. ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ മേഖലയിലെ ജിഡിപി 10 ശതമാനത്തിലെത്തിക്കുകയെന്ന സര്‍ക്കാര്‍ താത്പര്യം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷ.

2025 ഓടെ ഏകദേശം 30 ദശലക്ഷം പേര്‍ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ഓടെ ഇത് 50 ദശലക്ഷമായി ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2023 ന്റെ ആദ്യ പകുതിയില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് 87 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2022 നേക്കാള്‍ 132 ശതമാനം വര്‍ദ്ധനവാണിത്. അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം 142 ശതമാനം വര്‍ദ്ധിച്ചു. ആകെ 14.6 ദശലക്ഷം ആളുകളെത്തി. ബഹ്‌റിനില്‍ നിന്ന് 2.2 ദശലക്ഷം പേരും കുവൈറ്റില്‍ നിന്ന് 1.9 ദശലക്ഷം പേരും ഈജിപ്തില്‍ നിന്ന് 1.5 ദശലക്ഷം പേരും സൗദിയിലെത്തി. 2030 ഓടെ കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ട പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ദ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സും നിരവധി വിനോദ സീസണുകളും പോലുള്ളവ പൂര്‍ത്തീകരിക്കും. റിയാദിലെ ബോളിവാര്‍ഡ് വേള്‍ഡ് പോലുള്ള പുതിയ തീം പാര്‍ക്കുകളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം 24 തീം പാര്‍ക്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു.

2030 ല്‍ വേള്‍ഡ് എക്‌സ്‌പോയ്ക്ക് റിയാദ് നേതൃത്വം നല്‍കും. ആറ് മാസം നീണ്ടുനില്‍ക്കുന്ന ഇവന്റില്‍ 40 ദശലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ രാജ്യതലസ്ഥാനത്തേക്ക് 94.6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ.