16 May 2024 6:18 AM GMT
ദുബായില്‍ ജീവിതനിലവാരം ഉയര്‍ത്തും;ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 പ്രഖ്യാപിച്ചു
MyFin Desk
Summary
- പദ്ധതിക്കായുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്
- കല,കായികം,സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് വാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കും
- സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബീച്ചുകള്‍ തുറക്കും
ദുബായിലെ ജീവിതനിലവാരം ഉയര്‍ത്താന്‍ പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി. ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി യുഎഇയെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇരുന്നൂറ് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സ്ട്രാറ്റജിക്ക് അംഗീകാരം നല്‍കിയതായി ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത്.
പത്തൊന്‍പതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ പദ്ധതിയ്ക്കായുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ കീഴിലുള്ള എല്ലാ സംരംഭങ്ങളുടേയും മേല്‍നോട്ടം ഈ ഓഫീസ് വഹിക്കും. കായികം,കല,വിനോദം,സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വാര്‍ഷിക പരിപാടികളും സ്ട്രാറ്റജിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പാര്‍ക്കുകള്‍,ബീച്ചുകള്‍,സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവയും വികസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബീച്ചുകള്‍ തുറക്കും. ദുബായിയെ പരിസ്ഥിതി,കുടുംബ സൗഹൃദ നഗരമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.