image

16 April 2024 10:00 AM GMT

Middle East

യുഎഇയില്‍ കനത്ത മഴ:പതിനേഴ് വിമാനങ്ങള്‍ റദ്ദാക്കി;മൂന്നെണ്ണം വഴിതിരിച്ചുവിട്ടു

MyFin Desk

യുഎഇയില്‍ കനത്ത മഴ:പതിനേഴ് വിമാനങ്ങള്‍ റദ്ദാക്കി;മൂന്നെണ്ണം വഴിതിരിച്ചുവിട്ടു
X

Summary

  • അബുദാബിയില്‍ അതിശക്തമായ മഴ കാരണം വിമാനങ്ങള്‍ വൈകിയേക്കുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്
  • യാത്രക്കാര്‍ എയര്‍ലൈനുകളുടെ വൈബ്‌സൈറ്റ് പരിശോധിച്ച് ഫ്‌ലൈറ്റ് സമയം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്
  • ദുബായ് വിമാനത്തിവളത്തിലിറങ്ങേണ്ട വിമാനങ്ങളില്‍ ചിലത് വഴിതിരിച്ചുവിട്ടു


യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. പതിനേഴ് വിമാനങ്ങളാണ് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങള്‍ സമീപ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

തങ്ങളുടെ ഫ്‌ലൈറ്റിന്റെ സ്റ്റാറ്റസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. തങ്ങളുടെ അതിഥികള്‍ക്ക് അനുഭവപ്പെടുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് തങ്ങളുടെ സേവന പങ്കാളികളുമായും എയര്‍ലൈനുകളുമായും സജീവമായി സഹകരിക്കുന്നതായി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.

ദുബായില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറും 75 മിനിറ്റും മുമ്പ് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ ഫ്‌ലൈ ദുബായ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ഫ്‌ലൈറ്റ് പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിപ്പിക്കുന്നതിനാല്‍ യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഞങ്ങളുടെ പുതിയ സ്വയം സേവന കിയോസ്‌കുകളിലൊന്ന് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സമയം ലാഭിക്കാം. ടെര്‍മിനല്‍ 2 ല്‍ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജ് ടാഗ് പ്രിന്റ് ചെയ്യാനും ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാനും കഴിയും. തുടര്‍ന്ന് ബാഗ് ഡ്രോപ്പ് ഡെസ്‌കിലേക്ക് നേരിട്ട് പോകണമെന്നും ഫ്‌ലൈ ദുബായ് വക്താവ് പറഞ്ഞു.

അബുദാബിയില്‍ കനത്ത മഴ കാരണം ചില വിമാനങ്ങള്‍ വൈകിയേക്കുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ യാത്രക്കാര്‍ക്ക് ഇത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ നിര്‍ദേശം നല്‍കി.