image

15 April 2024 11:15 AM GMT

Middle East

യുഎഇയില്‍ നിന്ന് ഇറാനിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു

MyFin Desk

യുഎഇയില്‍ നിന്ന് ഇറാനിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു
X

Summary

  • ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളം,മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു
  • ദുബായ് വിമാനക്കമ്പനിയായ ഫ്‌ലൈ ദുബായ് ഇറാനിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
  • എമിറേറ്റ്‌സില്‍ ടെഹ്റാനിലേക്കുള്ള ഇക്കണോമി എയര്‍ ടിക്കറ്റുകള്‍ ഏപ്രില്‍ 17ന് ശേഷം ലഭ്യമാണ്


മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് യുഎഇ. ആഭ്യന്തര,അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ക്ക് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം തിങ്കളാഴ്ച പുലര്‍ച്ചെ നീക്കിയതായി അധികൃതര്‍ അറിയിച്ചു. ഇറാന്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ പ്രതികാരം ചെയ്യുമെന്ന ഭയത്താലാണ് വാരാന്ത്യത്തില്‍ വ്യോമയാനമേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളം,മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഏപ്രില്‍ 15 ന് പ്രാദേശിക സമയം പുലര്‍ച്ചെ 6 മണിക്ക് തുടങ്ങിയതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ദുബായ് വിമാനക്കമ്പനിയായ ഫ്‌ലൈ ദുബായ് ഇറാനിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ടെഹ്‌റാന്‍,ബന്ദര്‍ അബ്ബാസ്,എസ്ഫഹാന്‍,ലാര്‍,മഷ്ഹാദ്,ഷിറാസ്,ടിറാന എന്നിവിടങ്ങളിലേക്ക് പ്രതിദിനം രണ്ട് വിമാന സര്‍വീസുകളാണ് ഫ്‌ലൈ ദുബായ് നടത്തുന്നത്. ഇറാന്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്തത് വഴി യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായി ഫ്‌ലൈ ദുബായ് അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഞായറാഴ്ച ഉച്ചയോടെ ജോര്‍ദാന്‍, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി വക്താവ് പറഞ്ഞു. എമിറേറ്റ്‌സില്‍ ടെഹ്റാനിലേക്കുള്ള ഇക്കണോമി എയര്‍ ടിക്കറ്റുകള്‍ ഏപ്രില്‍ 17ന് ശേഷം ലഭ്യമാണ്.