image

23 May 2026 7:18 PM IST

NRI

മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം; സുരക്ഷ,വ്യാപാരം തുടങ്ങിയ മേഖലകളില്‍ റൂബിയോ-മോദി ചര്‍ച്ച

MyFin Desk

മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം; സുരക്ഷ,വ്യാപാരം തുടങ്ങിയ മേഖലകളില്‍ റൂബിയോ-മോദി ചര്‍ച്ച
X

Summary

വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു


ഇന്ത്യയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ റൂബിയോ ഔദ്യോഗികമായി ക്ഷണിച്ചു. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീര്‍ത്ഥ്' ഹാളില്‍ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. വരും ദിവസങ്ങളില്‍ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയത്.

ശനിയാഴ്ച രാവിലെയാണ് മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെത്തിയ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ ആഗോള ആസ്ഥാനമായ മദര്‍ ഹൗസും, അതിനോട് ചേര്‍ന്നുള്ള നിര്‍മ്മല ശിശുഭവന്‍ എന്ന അനാഥാലയവും സന്ദര്‍ശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഒരു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഉച്ചയോടെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

റൂബിയോ ഞായറാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസില്‍ വെച്ച് വിപുലമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി, അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. മേയ് 26-ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക സമ്മേളനത്തിലും മാര്‍ക്കോ റൂബിയോ പങ്കെടുക്കും.