16 Jan 2026 7:16 PM IST
Online Scams and Financial Fraud:അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണികിട്ടും. മുന്നറിയിപ്പുമായി അബുദാബി പോലീസ്
MyFin Desk
Summary
വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചും തട്ടിപ്പ് സംഘം ഇരകളെ കെണിയില്‍ വീഴ്ത്തുന്നു
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം മുതല്‍ ഉയര്‍ന്ന ശമ്പളമുളള ജോലി വരെ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. ഇതിനായി ആകര്‍ഷകമായ പരസ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. സെര്‍ച്ച് എന്‍ജിനുകള്‍, തൊഴില്‍ പോര്‍ട്ടലുകള്‍, റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റുകളുടെ അതേ മാതൃകയില്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചും തട്ടിപ്പ് സംഘം ഇരകളെ കെണിയില്‍ വീഴ്ത്തുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസ് പൊതുജനങ്ങളോട് പറഞ്ഞു.
എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
അജ്ഞാത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുത്. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഉള്‍പ്പെടെ നഷ്ടമാകാന്‍ ഇത് കാരണമാകും. ആകര്‍ഷകമായ ഓഫറുകളിലും ജോലിവാഗ്ദാനങ്ങളിലും വിശ്വസിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പലര്‍ക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ക്കുമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
സംശയാസ്പദമായ ലിങ്കുകളോ ഇടപാടുകളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അബുദാബി പൊലീസിന്റെ സാമാര്‍ട്ട് ആപ്പിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍, എസ്എംഎസ് ,ഇ മെയില്‍ എന്നിവ വഴിയും വിവരങ്ങള്‍ കൈമാറാനാകും.
പഠിക്കാം & സമ്പാദിക്കാം
Home
