image

29 March 2026 7:21 PM IST

NRI

സൗദിയില്‍ താമസ-തൊഴില്‍ നിയമലംഘനം; 12,000-ത്തോളം പേര്‍ പിടിയില്‍

MyFin Desk

സൗദിയില്‍ താമസ-തൊഴില്‍ നിയമലംഘനം; 12,000-ത്തോളം പേര്‍ പിടിയില്‍
X

Summary

അനധികൃതമായി അതിര്‍ത്തി കടന്നവരെയും പിടികൂടി


സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 12,000ത്തോളം പേര്‍ പിടിയിലായി. മാര്‍ച്ച് 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 11,967 നിയമലംഘകര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 7,650 പേരും താമസ നിയമ ലംഘനം നടത്തിയവരാണ്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച 2,952 പേരും തൊഴില്‍ നിയമം ലംഘിച്ച 1,365 പേരും ഇവരില്‍ ഉള്‍പ്പെടുന്നു.

അനധികൃതമായി അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,140 പേരെയും പിടികൂടി. ഇതില്‍ 71% എത്യോപ്യക്കാരും 26% യമനികളുമാണ്. രാജ്യം വിടാന്‍ ശ്രമിച്ച 42 പേരെയും നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 17 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 32,957 വിദേശികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതില്‍ 23,238 പേരെ യാത്രാരേഖകള്‍ക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 5,111 പേരെ ഇതിനകം നാടുകടത്തി. മറ്റുള്ളവരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു.

അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും അവര്‍ക്ക് താമസസൗകര്യവും ജോലിയും നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. നിയമലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999, 996 എന്നീ നമ്പറുകളിലും വിളിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.