10 March 2026 9:29 PM IST
കെട്ടിടങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല: കര്‍ശന നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി
MyFin Desk
Summary
നിയമം ലംഘിക്കുന്നവര്‍ക്ക് 20 ലക്ഷം ദർഹം വരെ പിഴ ചുമത്തും
കെട്ടിടങ്ങളുടെ സുരക്ഷയും ഗുണവിലവാരവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിലെ കെട്ടിടങ്ങളുടെ നിര്‍മാണ ദൃഢതയും താമസക്കാരുടെ സുരക്ഷയും ഉറപ്പാകുക, കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കെട്ടിടങ്ങളുടെ ഈടുറപ്പാക്കുക, ദുബൈയുടെ നഗര സൗന്ദര്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്.
കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനകള്‍ക്കായി ഡിജിറ്റല്‍ മാനേജ്‌മെന്റ് സിസ്റ്റവും ഏകീകൃത ഡാറ്റാബേസും സജ്ജമാക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ കെട്ടിടങ്ങള്‍ പരിശോധിക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കാനും മുന്‍സിപ്പാലിറ്റിക്ക് അധികാരമുണ്ടാകും. പുതിയ നിയമപ്രകാരം എല്ലാ കെട്ടിടങ്ങള്‍ക്കും ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ലൈസന്‍സുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ കെട്ടിടത്തിന്റെ ഘടനയും സാങ്കേതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. 40 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് 10 വര്‍ഷവും, 40 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് 5 വര്‍ഷവുമാണ് കാലാവധി. 20 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
കനത്ത പിഴയും
നിയമം ലംഘിക്കുന്നവര്‍ക്ക് 100 ദര്‍ഹം മുതല്‍ 10 ലക്ഷം ദര്‍ഹം വരെ പിഴ ഈടാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 20 ലക്ഷം ദര്‍ഹം വരെയാകാം. പിഴയ്ക്ക് പുറമേ, കെട്ടിട പെര്‍മിറ്റ് റദ്ദാക്കുക, ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് വഴിയുള്ള ഇടപാടുകള്‍ തടയുക തുടങ്ങിയ നടപടികളും ഉണ്ടാകും. നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. നിലവിലുള്ള കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും നിയമം പാലിച്ച് തുടങ്ങാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
