17 Dec 2025 3:20 PM IST
Summary
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടിയിലധികം പേരാണ് 2025 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചത്
ശൈത്യകാല അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ സഞ്ചാരികളില്‍ അധികവും ശ്രീലങ്ക തെരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ട്. 2024 ലെ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രീലങ്കയോടുള്ള താല്‍പ്പര്യം അഞ്ചിരട്ടി വര്‍ദ്ധിച്ചതായി അറ്റ്‌ലിസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണാഫ്രിക്കയും ഒമാനും ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും ചെലവ് കുറഞ്ഞതും വ്യത്യസ്തമായ സാംസ്‌കാരിക അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ സ്ഥലങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന വര്‍ദ്ധിച്ചുവരുന്നതെന്ന് അറ്റ്‌ലിസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍, ഇന്ത്യയുമായുള്ള സാമീപ്യം, യാത്രാ ചെലവ് കുറവ് എന്നിവയാണ് ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ താല്‍പര്യം കൂടാന്‍ കാരണം.
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവില്‍ ജോര്‍ജിയ 2.1 മടങ്ങ് വളര്‍ച്ചയും ഉസ്‌ബെക്കിസ്ഥാന്‍ 1.97 മടങ്ങ് വളര്‍ച്ചയും മൊറോക്കോ 1.87 മടങ്ങ് വളര്‍ച്ചയും രേഖപ്പെടുത്തി. ഹോങ്കോങ്ങ് 1.88 മടങ്ങ് വളര്‍ച്ചയും ജപ്പാന്‍ 1.79 മടങ്ങ് വര്‍ദ്ധനവും രേഖപ്പെടുത്തി. ശൈത്യകാല പ്രകൃതിദൃശ്യങ്ങളിലും സീസണല്‍ പരിപാടികളിലുമുള്ള താല്‍പ്പര്യമാണ് ഇതിന് കാരണം. യുഎഇ, യുകെ, ഷെങ്കന്‍ മേഖല, യുഎസ് തുടങ്ങിടവിടങ്ങളിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ സ്ഥിരമായ താല്‍പ്പര്യം കാണിക്കുന്നത് തുടരുന്നു. 2025 ല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ ശൈത്യകാല യാത്രയെ കൂടുതല്‍ ആത്മവിശ്വാസത്തോടെയും ജിജ്ഞാസയോടെയും സമീപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
