16 Dec 2025 3:23 PM IST
Summary
പ്രസംഗം എഡിറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്
തന്റെ വീഡിയോ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് വാര്‍ത്താ ചാനലായ ബിബിസിക്കെതിരെ ഡൊണാള്‍ഡ് ട്രംപ് കേസ് ഫയല്‍ ചെയ്തു. ആയിരം കോടി ഡോളറിന്റെ മാനനഷ്ടക്കേസാണ് ട്രംപ് കൊടുത്തത്. 2021 ജനുവരി 6 ന് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് എഡിറ്റ് ചെയ്തത്. യുഎസ് ക്യാപിറ്റോള്‍ മന്ദിരം ആക്രമിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചതായി ചാനല്‍ വരുത്തിത്തീര്‍ത്തെന്ന് ട്രംപ് പറയുന്നു. മയാമിയിലെ ഫെഡറല്‍ കോടതിയിലാണ് ഇത് സംബന്ധിച്ച കേസ് ഫയല്‍ ചെയ്തത്.
അപകീര്‍ത്തിപ്പെടുത്തിയതായി ഒരു കേസും ഫ്‌ളോറിഡയിലെ വ്യാപാര രീതി നിയമപ്രകാരമുള്ള മറ്റൊരു കേസുമാണ് ട്രംപ് ഫയല്‍ ചെയ്തത്. ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് വിശദീകരിക്കുന്ന ബിബിസി ഡോക്യുമെന്ററിയിലാണ് ട്രംപിന്റെ വീഡിയോ ഉള്‍പ്പെടുത്തിയത്. മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത പ്രവൃത്തിയാണ് ബിബിസിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും നടപടി വേണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. അക്രമം പാടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കണമെന്നും ആണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും ആ ഭാഗം ഒഴിവാക്കിയാണ് ബിബിസി ഡോക്യുമെന്ററി ചെയ്തതെന്നും ട്രംപ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
