image

23 Dec 2025 7:08 PM IST

NRI

Uae Airport:യുഎഇ വിമാനത്താവളങ്ങള്‍ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുന്നു

MyFin Desk

Uae Airport:യുഎഇ വിമാനത്താവളങ്ങള്‍ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുന്നു
X

Summary

വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതോടെ ടൂറിസം,ബിസിനസ് രംഗത്തും കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങളും ഉള്‍പ്പെടുക്കി വിമാനത്താവളങ്ങളെ അടിമുടി സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി ലക്ഷ്യമിടുന്ന അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം തന്നെയാണ് ഈ കുതിപ്പില്‍ മുന്നില്‍. അഞ്ച് സമാന്തര റണ്‍വേകളും നാനൂറോളം ഗേറ്റുകളുമായി പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ സ്വീകരിക്കാനാണ് തയ്യാറെടുക്കുന്നത്. എയര്‍പോര്‍ട്ട് വികസന പദ്ധതിക്കായി 1.28 ലക്ഷം കോടി ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്.

ദുബായ്ക്ക് പുറമേ ഷാര്‍ജയും വികസനക്കുതിപ്പില്‍ മുന്നിലാണ്. ഷാര്‍ജ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വിപുലീകരണ ജോലികള്‍ 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. റസല്‍ഖൈമയില്‍ 2028 ഓടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണരൂപത്തിലാകും.

യുഎഇ കൂടാതെ മറ്റ് ജിസിസി രാജ്യങ്ങളിലും എയര്‍പോര്‍ട്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി ഏകദേശം 18,300 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയില്‍ നടക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ 3100 കോടി ഡോളറിന്റെ വികസനമാണ് നടക്കുന്നത്. ഒമാനും കുവൈറ്റും ബഹ്റിനുമെല്ലാം എയര്‍പോര്‍ട്ടുകളുടെ വികസനത്തില്‍ പിന്നിലല്ല.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ നടത്തുന്ന ഈ വികസന പ്രവര്‍ത്തനങ്ങള്‍ ആഗോള ടൂറിസം, ബിസിനസ് മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.