image

10 May 2026 6:24 PM IST

NRI

വായ്പാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. പ്രവാസികള്‍ക്ക് ആശ്വാസം

MyFin Desk

വായ്പാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. പ്രവാസികള്‍ക്ക് ആശ്വാസം
X

Summary

യുഎഇ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച 6.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഈ പ്രത്യേക പാക്കേജ് പ്രവാസികള്‍ക്ക് ഗുണകരമാകും


ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഏകദേശം 65,000 ത്തിലധികം ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വായ്പാ തിരിച്ചടവുകള്‍ മാറ്റിവയ്ക്കുന്നത് മുതല്‍ പലിശ ഇളവുകള്‍ വരെ നല്‍കുന്ന പുതിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച 6.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഈ പ്രത്യേക പാക്കേജ് പ്രവാസികള്‍ക്ക് ഗുണകരമാകും. വ്യക്തികള്‍, ചെറുകിട സംരംഭങ്ങള്‍, വലിയ കോര്‍പ്പറേറ്റുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

ഗതാഗതം, ടൂറിസം, വിനോദം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കുമാണ് കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ആറ് മാസം വരെ ലോണ്‍ തിരിച്ചടവ് മാറ്റിവയ്ക്കാനും അതുപോലെ പലിശയും മറ്റ് ബാങ്ക് ഫീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഈ പദ്ധതിയിലൂടെ ഇനി പ്രവാസികള്‍ക്ക് സാധിക്കും.

പ്രമുഖ ബാങ്കായ ദുബായ് ഇസ്ലാമിക് ബാങ്ക് അവരുടെ 25,000-ത്തോളം ഉപഭോക്താക്കള്‍ക്കായി ജൂണ്‍ 30 വരെ നീളുന്ന പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. കൂടാതെ പേഴ്‌സണല്‍ ലോണ്‍, ഓട്ടോ ലോണ്‍ എന്നിവയുടെ ഇന്‍സ്റ്റാള്‍മെന്റുകള്‍ മൂന്ന് മാസം വരെ ലാഭവിഹിതമോ ഫീസോ ഇല്ലാതെ മാറ്റിവയ്ക്കാനും സാധിക്കും. എമിറേറ്റ്‌സ് എന്‍ബിഡി, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവര്‍ 'സീറോ ഫീസ്' സ്‌കൂള്‍ ഫീസ് പ്ലാനുകളും പ്രഖ്യാപിച്ചു. ആറ് മാസം വരെ പലിശയോ അധിക ഫീസോ ഇല്ലാതെ സ്‌കൂള്‍ ഫീസ് ഗഡുക്കളായി അടയ്ക്കാന്‍ സാധിക്കും.